കേരളത്തിലെ 21 നദികളിൽ മാലിന്യം രൂക്ഷം; സർക്കാരിന് പിഴ 14 കോടി - News4Max

Breaking

Post Top Ad

Tuesday, 1 October 2019

കേരളത്തിലെ 21 നദികളിൽ മാലിന്യം രൂക്ഷം; സർക്കാരിന് പിഴ 14 കോടി

ആലപ്പുഴ : സംസ്ഥാനത്ത് ഭാരതപ്പുഴ ഉൾപ്പെടെ 21 നദികളിൽ മലിനീകരണം രൂക്ഷമെന്ന് ദേശീയ ഹരിതട്രിബ്യൂണൽ. മലിനീകരണ നിയന്ത്രണത്തിൽ വീഴ്ചവരുത്തിയതിന് ട്രിബ്യൂണൽ സംസ്ഥാനത്തിന് 14 കോടി രൂപ പിഴ ചുമത്തി. പിഴത്തുക സർക്കാർ കെട്ടിവെച്ചു. മലിനപ്പെട്ട നദികളുടെ ഒന്നാംപട്ടികയിലാണ് തിരുവനന്തപുരത്തെ കരമനയാർ. സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയാൽ രക്ഷപ്പെടുത്താവുന്ന വിഭാഗമായ നാലും അഞ്ചും പട്ടികയിലാണ് ബാക്കിയുള്ള 20 നദികളെ ഉൾപ്പെടുത്തിയിട്ടുള്ളത്. ജലത്തിലെ ഓക്സിജന്റെ അളവ് പരിശോധിച്ചാണ് മലിനീകരണത്തോത് കണക്കാക്കുന്നത്. ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (ബി.ഒ.ഡി.) പരിശോധനയാണിതിന് നടത്തുന്നത്. വെള്ളത്തിൽ എത്ര ഓക്സിജൻ വേണം എന്നതാണ് ഈ പരിശോധനയിൽ കണക്കാക്കുന്നത്. ശുദ്ധജലമാണെങ്കിൽ ബി.ഒ.ഡി. പരിശോധനയിൽ ലിറ്ററിൽ ഓക്സിജന്റെ അളവ് മൂന്നു മില്ലിഗ്രാമിൽ കുറവായിരിക്കണം. ഈ അളവിനു മുകളിലാണെങ്കിൽ മാലിന്യം കലർന്നുവെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് കരമനയാറിലെ ബി.ഒ.ഡി. അളവ് ലിറ്ററിൽ 56 മില്ലിഗ്രാമാണ്. ഓക്സിജൻ കിട്ടാതെ മീനുകൾ ചത്തുപൊങ്ങുന്ന അവസ്ഥയിലാണ് ഈ നദി. ഭാരതപ്പുഴയിൽ ഇത് 6.6 മില്ലീഗ്രാമാണ്. കടമ്പയാർ, കീച്ചേരി, മണിമല, പമ്പ, ഭവാനി നദികളിലും മലിനീകരണത്തോത് ഇത്രത്തോളം വരും. ജൈവ -രാസമാലിന്യങ്ങൾ നിറഞ്ഞാണ് കേരളത്തിലെ നദികൾ മലിനമാകുന്നത്. ഭൂരിഭാഗം നദികളിലും കോളിഫോം ബാക്ടീരിയയുടെ അളവു കൂടുതലാണ്. ആലുവ, ഏലൂർ, കളമശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ള രാസമാലിന്യമാണ് പെരിയാറിന് ഭീഷണിയുയർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നദികളിലേക്ക് രാസ -ജൈവ മാലിന്യങ്ങൾ ഒഴുക്കുന്നത് തുടരുകയാണ്. മലിനീകരണത്തോത് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് 2018-ൽ ട്രിബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതിനെ തുടർന്നാണ് ട്രിബ്യൂണൽ പിഴ ചുമത്തിയത്. പുഴകളെ മാലിന്യമുക്തമാക്കുന്ന കർമപദ്ധതി സമർപ്പിച്ച് നടപ്പാക്കിയാൽ പിഴത്തുക തിരിച്ചുകിട്ടുമെന്ന് അധികൃതർ പറഞ്ഞു. മലിനപ്പെട്ട നദികൾ കരമനയാർ, ഭാരതപ്പുഴ, കടമ്പയാർ, കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ, കടലുണ്ടി, കല്ലായി, കരുവന്നൂർ, കാവായ്, കുപ്പം, കുറ്റ്യാടി, മേപ്രാൽ, പെരിയാർ, പെരുവമ്പ, പുഴയ്ക്കൽ, രാമപുരം, തിരൂർ, ഉപ്പള. കർമപദ്ധതി തയ്യാറാക്കി മലിനമാക്കപ്പെട്ട നദികളെ സംരക്ഷിക്കാനുള്ള കർമപദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞു. ഇതിൽ കരമനയാർ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതി ദേശീയ ഹരിത ട്രിബ്യൂണലിന് നൽകി. ബാക്കിയുള്ളവയുടെയും ഉടൻ നൽകും. -ഡോ. അജിത് ഹരിദാസ്, മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ content highlights:kerala river pollution, National Green Tribunal

from mathrubhumi.latestnews.rssfeed https://ift.tt/2n5GPut
via IFTTT

No comments:

Post a Comment

Post Bottom Ad

Pages