ന്യൂഡൽഹി: പന്ത്രണ്ടുവർഷത്തെ സംഭവബഹുലമായ നിയമപോരാട്ടത്തിനൊടുവിലായിരുന്നു ശബരിമലക്കേസിൽ സുപ്രീംകോടതി വിധിപറഞ്ഞത്. ശബരിമലയിൽ പ്രായംനോക്കാതെ സ്ത്രീകൾക്കു പ്രവേശമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ശനിയാഴ്ച ഒരാണ്ടു തികയും. ഇതിനിടെ ഓരോദിവസവും ശബരിമല വാർത്തകളിൽ നിറഞ്ഞുനിന്നു. പുനഃപരിശോധനാ ഹർജികളും റിട്ടുകളും ഉൾപ്പെടെ അറുപത്തഞ്ചോളം പരാതികളാണ് വിധിക്കുശേഷം സുപ്രീംകോടതിയിലെത്തിയത്. ഈ ഹർജികളിലെ തീരുമാനമാണ് വരാനിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17-നു വിരമിക്കുംമുമ്പ് കേസിൽ വിധിപറയണം. ഏറിയാൽ 50 നാൾകൂടി കാത്തിരിക്കേണ്ടിവരുമെന്നർഥം. സെപ്റ്റംബർ 28-നു വിധിപറഞ്ഞ അഞ്ചംഗബെഞ്ചിലംഗമായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ശബരിമല കേസിലെ പുനഃപരിശോധനാഹർജികൾ കേട്ട ബെഞ്ചിന്റെ ഭാഗമായത്. ആദ്യ വിധിപറഞ്ഞ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ. എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരും അംഗമായ ബെഞ്ച് ഫെബ്രുവരി ആറിനാണ് പുനഃപരിശോധനാ ഹർജികളിൽ വാദംകേട്ടശേഷം വിധിപറയാൻ മാറ്റിയത്. കേസിന്റെ തുടക്കം 2006-ൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവസമയത്ത് സ്ത്രീകൾക്കു ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിലെ മൂന്നാം(ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു മുഖ്യ ആവശ്യം. ആദ്യവർഷം ഹർജിയിൽ കാര്യമായി ഒന്നും സംഭവിച്ചില്ല. നിലപാട് മാറ്റിമാറ്റി സർക്കാർ 2007-ൽ അന്നത്തെ ഇടതുസർക്കാർ സ്ത്രീപ്രവേശത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകി. ഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഈ വിഷയം പഠിക്കാൻ കമ്മിഷനെ വെക്കണമെന്നും സ്ത്രീകൾക്കുമാത്രമായി പ്രത്യേക സീസൺ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. എട്ടുവർഷത്തോളം കേസിൽ കാര്യമായൊന്നും സംഭവിച്ചില്ല. 2016-ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിനുമുമ്പാകെ കേസെത്തി. അപ്പോൾ അധികാരത്തിലുണ്ടായിരുന്ന ഉമ്മൻചാണ്ടിസർക്കാർ ശബരിമലയിൽ സ്ത്രീപ്രവേശം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നൽകി. സംസ്ഥാന സർക്കാരിന്റെ നിലപാടുമാറ്റത്തെ കോടതി വാക്കാൽ ചോദ്യംചെയ്തു. പിന്നീട്, കേസ് ഭരണഘടനാബെഞ്ച് പരിഗണിച്ചപ്പോൾ പിണറായി വിജയൻ സർക്കാരായിരുന്നു അധികാരത്തിൽ. സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന ആദ്യ സത്യവാങ്മൂലത്തിലെ നിലപാടാണു തങ്ങൾക്കെന്ന് ഇടതുസർക്കാർ അറിയിച്ചു. സ്ത്രീവിലക്കിനെതിരേ ശക്തമായി വാദിക്കുകയും ചെയ്തു. മലക്കംമറിഞ്ഞ് ദേവസ്വം ബോർഡ് ശബരിമലക്കേസിന്റെ തുടക്കംമുതൽ ആചാരസംരക്ഷണത്തിനായി വാദിച്ച ദേവസ്വം ബോർഡ്, പുനഃപരിശോധനാഹർജി പരിഗണിക്കവേ നിലപാടുമാറ്റി. സ്ത്രീകളോടു വിവേചനം പാടില്ലെന്നും എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നുമുള്ള സംസ്ഥാനസർക്കാരിന്റെ നിലപാട് ബോർഡും ആവർത്തിച്ചു. നിലപാടുമാറ്റത്തെക്കുറിച്ച് ബെഞ്ച് ചൂണ്ടിക്കാട്ടിയപ്പോൾ വിധിയെ ബഹുമാനിക്കുന്നുവെന്നായിരുന്നു മറുപടി. ആരാധനയ്ക്കുള്ള തുല്യസ്വാതന്ത്ര്യം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനാവിരുദ്ധമാണെന്നും ബോർഡ് വാദിച്ചു. ഇനിയുള്ള സാധ്യതകൾ പുനഃപരിശോധനാ ഹർജികൾ വിധിപറയാൻ മാറ്റിയതോടെ മുഖ്യമായും രണ്ടു സാധ്യതകളാണുള്ളത്. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങൾ തീരുമാനിച്ചുകൊണ്ട് ഹർജികൾ തള്ളാമെന്നതാണ് ഒരു സാധ്യത. അങ്ങനെയാണെങ്കിൽ ശബരിമലവിധിയുടെ അധ്യായം അവിടെ ഏതാണ്ടവസാനിച്ചുവെന്നുപറയാം. പിന്നെ തിരുത്തൽ ഹർജിയെന്ന അതിവിദൂരസാധ്യത മാത്രമാണ് സ്ത്രീപ്രവേശത്തെ എതിർക്കുന്നവർക്കു മുന്നിലുള്ളത്. ഭൂരിഭാഗം അംഗങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിക്കുകയാണു രണ്ടാമത്തെ സാധ്യത. അങ്ങനെയെങ്കിൽ പഴയവിധി സ്വാഭാവികമായും അപ്രസക്തമാകും. ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസയച്ചുകൊണ്ട് കേസിൽ വീണ്ടും വാദം കേൾക്കും. കക്ഷികൾക്കു വിശദമായി വാദങ്ങൾ അവതരിപ്പിക്കാം. ഹർജികളിൽ വാദംകേൾക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നീട് വിശാലബെഞ്ചിനു വിടുകയുമാകാം. മറ്റൊരു വിദൂരസാധ്യത, വിധിയിലെ ചില വിഷയങ്ങൾമാത്രം പുനഃപരിശോധിക്കാനായി വാദം കേൾക്കുക എന്നതാണ്. content highlights:One year of Sabarimala verdict
from mathrubhumi.latestnews.rssfeed https://ift.tt/2mbsk7N
via IFTTT
Post Top Ad
Friday, 27 September 2019
ശബരിമലവിധിക്ക് നാളെ ഒരാണ്ട്; പുനഃപരിശോധിക്കുമോ?
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment