പി.എഫ് നിയമകരട് ഭേദഗതി ബിൽ: എൻ.പി.എസും തിരഞ്ഞെടുക്കാം - News4Max

Breaking

Post Top Ad

Friday, 27 September 2019

പി.എഫ് നിയമകരട് ഭേദഗതി ബിൽ: എൻ.പി.എസും തിരഞ്ഞെടുക്കാം

ന്യൂഡൽഹി: പ്രോവിഡന്റ്ഫണ്ട് പെൻഷനും വേതനത്തിന്റെ നിർവചനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവുകൾ മറികടക്കാൻ കേന്ദ്രം കുറുക്കുവഴി തേടുന്നു. തൊഴിലാളി പെൻഷൻപദ്ധതിക്കുപകരം (ഇ.പി.എസ്.) ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്.) തിരഞ്ഞെടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി പ്രോവിഡന്റ്ഫണ്ട് നിയമത്തിന്റെ കരടുഭേദഗതി ബിൽ തയ്യാറായിട്ടുണ്ട്. ഇതിൽ വേതനത്തിന്റെ നിർവചനം പഴയപടി നിലനിർത്തിയാണ് സർക്കാർ ഉയർന്ന പെൻഷൻ നിഷേധിക്കാനൊരുങ്ങുന്നത്. അടിസ്ഥാനശമ്പളവും ക്ഷാമബത്തയും റീട്ടെയിനിങ് അലവൻസും (ഏതാനും തൊഴിൽമേഖലയിൽ മാത്രം) മാത്രമായിരിക്കും വേതനമെന്നാണ് കരടുബില്ലിൽ പറയുന്നത്. വീട്ടുവാടക, യാത്രാബത്ത, മറ്റലവൻസുകൾ, ബോണസ്, ഓവർ ടൈം, പി.എഫിലേക്കോ മറ്റേതെങ്കിലും ഫണ്ടിലേക്കോ തൊഴിലുടമ അടയ്ക്കുന്ന വിഹിതം, കമ്മിഷൻ, ഗ്രാറ്റ്വിറ്റി,എക്സ്ഗ്രേഷ്യാ പേമെന്റ് തുടങ്ങിയവയൊന്നും വേതനത്തിന്റെ ഭാഗമായി കണക്കാക്കില്ല. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമുള്ള വേതനത്തിന്റെ നിർവചനത്തിൽ ഇവയെല്ലാം ഉൾപ്പെടുമായിരുന്നു. ഇ.പി.എസ്. തന്നെ നിർത്തലാക്കാനുള്ള നിർദേശത്തോടൊപ്പം വേതനത്തിന്റെ നിർവചനം മാറ്റാത്തതും തൊഴിലാളിയൂണിയനുകളുടെ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. യഥാർഥശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷന് എല്ലാ തൊഴിലാളികൾക്കും അർഹതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് 2014-ലെ ഇ.പി.എഫ്. ഭേദഗതിനിയമം കേരള ഹൈക്കോടതി റദ്ദാക്കുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. അതിനെതിരായ പുനഃപരിശോധനാഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലിരിക്കേയാണ് തൊഴിലാളികളുടെ വേതനത്തിനു നൽകിയ നിർവചനവും അട്ടിമറിക്കുന്നത്. ഇ.പി.എസിൽനിന്ന് എന്തായാലും ഉയർന്ന പെൻഷൻ ലഭിക്കാൻ പോകുന്നില്ല, അതുവേണമെങ്കിൽ ദേശീയ പെൻഷൻപദ്ധതിയിലേക്കു മാറ്റൂയെന്നാണ് ഈ ഭേദഗതിനിർദേശത്തിലൂടെ സർക്കാർ പറഞ്ഞുവെക്കുന്നത്. കരടുബിൽ ചർച്ചചെയ്യാൻ കഴിഞ്ഞദിവസം തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാർ വിളിച്ച യോഗം ഇടതു ട്രേഡുയൂണിയനുകൾ ബഹിഷ്കരിച്ചിരുന്നു. സർക്കാർ അനുകൂല സംഘടനയായ ബി.എം.എസ്. യോഗത്തിൽ പങ്കെടുത്തെങ്കിലും കരടിനെതിരേ ശക്തമായ നിലപാടെടുത്തു. ദേശീയ പെൻഷൻ പദ്ധതിയെക്കാളും മെച്ചപ്പെട്ടതാണ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയെന്ന് ഇ.പി.എഫ്.ഒ. തന്നെ 2015-ൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയതാണ്. ആ നിലയ്ക്ക് ഇപ്പോൾ എൻ.പി.എസിലേക്കു മാറാനുള്ള നിർദേശം അംഗീകരിക്കാനാവില്ലെന്ന് ബി.എം.എസ്. അധ്യക്ഷൻ സജി നാരായണൻ ചൂണ്ടിക്കാട്ടി. ദേശീയ പെൻഷൻപദ്ധതിയോ പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയോ ഏതാണു വേണ്ടതെന്ന് തൊഴിലാളിക്കു തിരഞ്ഞെടുക്കാമെന്നാണ് കരടിലെ നിർദേശം. പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളി വേതനത്തിന്റെ പത്തുശതമാനം നിക്ഷേപിക്കുന്നുണ്ടെങ്കിൽ തൊഴിലുടമയും അത്രയും നിക്ഷേപിക്കും. സർക്കാർ നാലുശതമാനം നൽകും. വിരമിക്കുന്നസമയത്ത് ആകെ നിക്ഷേപത്തിന്റെ 60 ശതമാനമേ പിൻവലിക്കാനാവൂ. ബാക്കി 40 ശതമാനമാണു ഭാവിയിൽ പെൻഷൻ നൽകാനായി വിനിയോഗിക്കുക. എൻ.പി.എസ്. നിക്ഷേപം സുരക്ഷിതമെന്ന് ഉറപ്പിക്കാനാവില്ല എൻ.പി.എസ്. ആണ് മികച്ചതെന്നതിനു തെളിവായി ഒരുപഠനവും പുറത്തുവന്നിട്ടില്ല. മാത്രമല്ല, എൻ.പി.എസ്. ഓഹരിവിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. തൊഴിലാളികളുടെ നിക്ഷേപം എന്നും സുരക്ഷിതമാകുമെന്ന് ഉറപ്പിക്കാനാവില്ല. പ്രോവിഡന്റ്ഫണ്ട് പെൻഷനിൽ കുടുംബത്തിനുള്ള ആനുകൂല്യം, ഇൻഷുറൻസ്, വിധവാ പെൻഷൻ എന്നിവയുണ്ട്. എൻ.പി.എസ്. നിക്ഷേപപദ്ധതിയാണ്. പതിനഞ്ചുവർഷത്തേക്ക് നിക്ഷേപം പിൻവലിക്കാനാവില്ല -സജി നാരായണൻ, ബി.എം.എസ്. അധ്യക്ഷൻ Content Highlights:PF Law draft

from mathrubhumi.latestnews.rssfeed https://ift.tt/2m7PDiN
via IFTTT

No comments:

Post a Comment

Post Bottom Ad

Pages