തോല്‍വിക്ക് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദി, കേരളത്തിലെ ശക്തമായ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ കരങ്ങളാണെന്ന് ഉമ്മന്‍ ചാണ്ടി - News4Max

Breaking

Post Top Ad

Saturday, 25 May 2019

തോല്‍വിക്ക് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദി, കേരളത്തിലെ ശക്തമായ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ കരങ്ങളാണെന്ന് ഉമ്മന്‍ ചാണ്ടി

നരേന്ദ്ര മോദി തരംഗം രാജ്യത്ത് ആഞ്ഞടിച്ചതോടെ കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ കനത്ത തോല്‍വിയാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഗാന്ധി കുടുംബത്തിന്റെയും ഹൃദയഭൂമിയായ അമേഠിയില്‍ പോലും വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ തോല്‍വിയിലും രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ പരാജയത്തിന് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദി. കോണ്‍ഗ്രസ് മുമ്പും പരാജയം നേരിട്ടിട്ടുണ്ടെന്നും പാര്‍ട്ടി തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

‘കേരളത്തിലെ ശക്തമായ വിജയത്തിന് പിന്നില്‍ രാഹുലിന്റെ കരങ്ങളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുപോകും. രാഹുലിന്റെ നേതൃത്വം അനിവാര്യമായ ഘട്ടമാണിത്’- ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാര്‍ ഇന്നലെ രാജി വെച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാന്‍ രാഹുല്‍ ഗാന്ധിയും സന്നദ്ധത അറിയിച്ചിരുന്നു. സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍, വീണ്ടും ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ രാജിസന്നദ്ധത അറിയിച്ചേക്കുമെന്നാണ് സൂചന.

ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി കേവല ഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റും കടന്ന് 302 സീറ്റുകളാണ് ഒറ്റയ്ക്ക് നേടിയത്. കേരളത്തില്‍ തരംഗം ഉണ്ടാക്കിയ കോണ്‍ഗ്രസിന് മറ്റൊരു സംസ്ഥാനത്തും മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതേടെ പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ നിന്ന് ഇത്തവണയും കോണ്‍ഗ്രസിന് അവകാശം നഷ്ടപ്പെട്ടു. ഇതിന് ആവശ്യമായ 54 സീറ്റുകള്‍ നേടാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പില്‍ 14 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലും പാര്‍ട്ടി നാമാവശേഷമായി. ഈ സാഹചര്യത്തില്‍ സംഘടനാ തലത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2X6dPiE
via IFTTT

No comments:

Post a Comment

Post Bottom Ad

Pages