കോലി കാണിക്കേണ്ടത് ക്ഷമയാണ്, അത് പക്ഷേ സച്ചിന്റെ സിഡ്‌നി ഇന്നിങ്‌സ് പോലെയാകേണ്ടതില്ല - ആകാശ് ചോപ്ര - News4Max

Breaking

Post Top Ad

Tuesday, 4 January 2022

കോലി കാണിക്കേണ്ടത് ക്ഷമയാണ്, അത് പക്ഷേ സച്ചിന്റെ സിഡ്‌നി ഇന്നിങ്‌സ് പോലെയാകേണ്ടതില്ല - ആകാശ് ചോപ്ര

ന്യൂഡൽഹി: അടുത്തിടെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി തുടർച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തിൽ ബാറ്റ് വെച്ച് പുറത്താകുന്നത് സ്ഥിരം കാഴ്ചയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും കോലി പുറത്തായത് ഇത്തരത്തിൽ തന്നെയാണ്. ഇതോടെ 2004-ൽ സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരേ സച്ചിൻ തെണ്ടുൽക്കർ പുറത്തെടുത്ത സമീപനം കോലിയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ആ പരമ്പരയിൽ ഇപ്പോൾ കോലിയെ പോലെതന്നെ സച്ചിനും ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തിൽ ബാറ്റ് വെച്ച് പുറത്താകുന്നത് പതിവായിരുന്നു. ഇതോടെ സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിൽ ഒരു കവർ ഡ്രൈവ് പോലും കളിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ കളത്തിലിറങ്ങിയ സച്ചിൻ അത് അക്ഷരംപ്രതി നടപ്പാക്കുകയും 241 റൺസ് അടിച്ചെടുക്കുകയും ചെയ്തു. ക്രിക്കറ്റ് ലോകം കണ്ടതിൽവെച്ച് ഏറ്റവും അച്ചടക്കത്തോടെയുള്ള ഇന്നിങ്സായിരുന്നു അത്. ഇപ്പോഴിതാ അന്ന് സച്ചിന്റെ ഇന്നിങ്സിന് സാക്ഷിയായ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പക്ഷേ അത്തരമൊരു സമീപനം താൻ കോലിയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ക്യാപ്റ്റൻ അൽപം കൂടി ക്ഷമ കാണിക്കുകയാണ് വേണ്ടതെന്നും ചോപ്ര കൂട്ടിച്ചേർത്തു. കോലിക്ക് കുറച്ചുകൂടി ക്ഷമ കാണിക്കാൻ കഴിയും. 2004-ൽ സിഡ്നിയിൽ സച്ചിൻ ഒരു ഡ്രൈവ് പോലും കളിച്ചിരുന്നില്ല, അദ്ദേഹം അത്തരത്തിൽ പുറത്താകുന്നത് അന്ന് പതിവായിരുന്നു. കോലിയുമായി താരതമ്യം ചെയ്യുമ്പോൾ സച്ചിന്റെ പക്കൽ കൂടുതൽ ഷോട്ടുകളുണ്ടായിരുന്നു. അതിനാൽ തന്നെ സച്ചിന്റെ വഴിയിലൂടെ പോകണമെന്ന് ഞാൻ പറയില്ല. - ചോപ്ര പറഞ്ഞു. ബൗൺസറുകൾ കളിക്കുന്നതിൽ കോലിക്ക് കാര്യമായ പ്രശ്നമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഓഫ് സ്റ്റമ്പ് എവിടെയാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ബൗൺസിനെ കുറച്ചുകൂടി വിശ്വസിക്കുക, അതിനാൽ നിങ്ങൾക്ക് പന്ത് കളിക്കാതെ വിടാം. നിങ്ങൾ പന്തിന്റെ ലൈനിൽ തന്നെയാകണമെന്ന് നിർബന്ധമില്ല. പന്തിന്റെ ലൈൻ തിരിച്ചറിയാൻ സാധിക്കാതിരുന്നാലും നിങ്ങൾ ബൗൾഡാകാൻ പോകുന്നില്ല, കാരണം പന്ത് സ്റ്റമ്പിന് മുകളിൽ കൂടി പോകും. - ചോപ്ര കൂട്ടിച്ചേർത്തു. 2003-04 കാലഘട്ടത്തിൽ നടന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിലായിരുന്നു ചരിത്രത്തിൽ ഇടംനേടിയ സച്ചിന്റെ ആ ഇരട്ട സെഞ്ചുറി (241*) ഇന്നിങ്സ്. പരമ്പരയിലെ നാലാം ടെസ്റ്റിനായിരുന്നു അന്ന് സിഡ്നി വേദിയായത്. ആദ്യ മൂന്ന് മത്സരങ്ങളിലും സച്ചിന് തിളങ്ങാനായിരുന്നില്ല എന്ന് മാത്രമല്ല ഓസീസ് പേസർമാരുടെ ഓഫ് സ്റ്റമ്പ് കെണിയിൽ സച്ചിൻ പലപ്പോഴും വീഴുന്നതും സ്ഥിരം കാഴ്ചയായി. ഇതോടെ നാലാം ടെസ്റ്റിനിറങ്ങും മുമ്പ് സച്ചിൻ ഉറപ്പിച്ചു, ഈ മത്സരത്തിൽ താൻ തന്റെ പ്രിയപ്പെട്ട ഷോട്ടായ കവർ ഡ്രൈവ് കളിക്കില്ല. പറഞ്ഞത് അക്ഷരംപ്രതി നടപ്പിലാക്കുന്ന സച്ചിനെയാണ് 2004 ജനുവരി രണ്ടു മുതൽ സിഡ്നിയിൽ കണ്ടത്. ബ്രെറ്റ് ലീയും ജേസൻ ഗില്ലെസ്പിയും നഥാൻ ബ്രാക്കണും സ്റ്റുവർട്ട് മക്ഗില്ലും അടങ്ങുന്ന ബൗളിങ് നിരയ്ക്കെതിരേ അന്ന് പത്ത് മണിക്കൂറിലേറെ സമയം ക്രീസിൽ നിന്നിട്ടും സച്ചിന്റെ ബാറ്റിൽ നിന്ന് ഒരു കവർ ഡ്രൈവ് പോലും പിറന്നില്ല. നേരിട്ട 436 പന്തുകളിൽ ഓഫ് സ്റ്റമ്പിന് പുറത്തു പോയ പന്തുകളെയെല്ലാം തന്നെ സച്ചിൻ അർഹിച്ച ബഹുമാനത്തോടെയാണ് നേരിട്ടത്. പുള്ളുകും ഫ്ളിക്കുകളും സ്ട്രെയ്റ്റ് ഡ്രൈവുകളും ഓൺഡ്രൈവുകളും സ്ക്വയർ കട്ടുകളും സ്വീപ് ഷോട്ടുകളുമെല്ലാം യഥേഷ്ടം പിറന്ന ആ ഇന്നിങ്സിൽ പക്ഷേ ഒരു കവർ ഡ്രൈവ് പോലും ഉണ്ടായിരുന്നില്ല. Content Highlights: not expecting virat kohli to play a sachin tendulkar like SCG knock

from sports rss feed https://ift.tt/3JCjk1f
via IFTTT

No comments:

Post a Comment

Post Bottom Ad

Pages