പാലാരിവട്ടം മേൽപ്പാലത്തിന്റെ ടെൻഡറിലും കൃത്രിമം നടന്നതായി സംശയമുണ്ടെന്ന് ഹൈക്കോടതി. ഗൗരവമേറിയ ഇക്കാര്യം നിസ്സാരമായി കാണാനാവില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. ഹർജികൾ കൂടുതൽ വാദത്തിനായി വ്യാഴാഴ്ചയിലേക്കു മാറ്റി.
മേൽപ്പാലം നിർമാണ അഴിമതിക്കേസിലെ പ്രതികളായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ടെൻഡറും ടെൻഡർ രജിസ്റ്ററും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് വാദംകേട്ട കോടതി വിലയിരുത്തി. ഇതു നിസ്സാരമായി കാണാനാവില്ല. മൊബിലൈസേഷൻ അഡ്വാൻസ് കമ്പനിക്കു നേരിട്ടു നൽകിയത് എന്തിനാണെന്നും കോടതി ചോദിച്ചു.
നിർമാണച്ചുമതല ആർ.ഡി.എസ്. കമ്പനിക്കു നൽകാൻ ടെൻഡറിലും ടെൻഡർ രജിസ്റ്ററിലും കൃത്രിമം കാട്ടിയെന്ന് വിജിലൻസിനു വേണ്ടി ഹാജരായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു. പാലത്തിന്റെ നിർമാണത്തിന് ആർ.ഡി.എസ്. 47.68 കോടി രൂപയുടെ ടെൻഡർ നൽകി. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി 42 കോടിയുടെ ടെൻഡറും നൽകിയിരുന്നു. കുറഞ്ഞ തുക നൽകിയ കമ്പനിയെ മറികടക്കാൻ ടെൻഡർ രേഖകൾ തിരുത്തി.
പാലം നിർമാണത്തിന് 30.91 കോടി രൂപയാണ് ആർ.ഡി.എസ്. മുന്നോട്ടുവെച്ചിരുന്നത്. അനുബന്ധ നിർമാണങ്ങൾക്കായി 16.78 കോടിയും. ഇങ്ങനെയാണ് 47.68 കോടി രൂപയുടെ ടെൻഡർ നൽകിയത്. കുറഞ്ഞ തുക നൽകിയ കമ്പനിക്കാണ് ടെൻഡർ നൽകേണ്ടിയിരുന്നത്.
ഇതനുസരിച്ച് ചെറിയാൻ വർക്കി കൺസ്ട്രക്ഷനാണ് നിർമാണ അനുമതി നൽകേണ്ടിയിരുന്നത്. ഇതു മറികടക്കാനായി കൃത്രിമം നടത്തി. ടെൻഡർ തുക പറയുന്ന പേജിന്റെ അടിയിൽ 13.43 ശതമാനം റിബേറ്റ് കൂടി ചേർത്ത് ആർ.ഡി.എസിന്റെ തുക 41.27 കോടിയായി കുറയ്ക്കുകയാണുണ്ടായത്.
ബി ബി ടെൻഡർ തുറക്കുമ്പോൾ തുക രേഖപ്പെടുത്തുന്ന രജിസ്റ്ററിലും തിരുത്തൽ വരുത്തിയിട്ടുണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി. ടെൻഡറിലെ തിരുത്തിയ തുകയും രജിസ്റ്ററിലെ തിരുത്തിയ തുകയും തമ്മിൽ വ്യത്യാസമുണ്ട്. ആർ.ഡി.എസിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന കൈയക്ഷരത്തിൽ വ്യത്യാസമുണ്ട്. ആർ.ഡി.എസിന് ടെൻഡർ ഉറപ്പിച്ചു നൽകാനാണ് രേഖകളിൽ കൃത്രിമംകാട്ടിയതെന്ന് ഇതിൽനിന്നെല്ലാം വ്യക്തം. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള ലിമിറ്റഡിലെയും (ആർ.ബി.ഡി.സി.കെ.) കിറ്റ്കോയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാവാം ഇതിനു പിന്നിലെന്നും വിജിലൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ആർ.ഡി.എസിനു ടെൻഡർ നൽകിയതെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി. പാലം നിർമാണത്തിന്റെ ടെൻഡർ നൽകുമ്പോൾ മൊത്തം തുക പറയണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ചട്ടത്തിലുണ്ട്. ആർ.ഡി.എസ്. കമ്പനിക്കുവേണ്ടി തിരുത്തിയ രേഖയിൽ പോലും ശതമാനക്കണക്കാണുള്ളത്.
മുൻകൂർ തുക ആർ.ബി.ഡി.സി.കെ.ക്കു നൽകുന്നതിനു പകരം കരാറുകാരനു നൽകാൻ നിർദേശിച്ചത് ടി.ഒ. സൂരജാണ്. ഇത് ആർ.ബി.ഡി.സി.കെ.ക്കു നഷ്ടമുണ്ടാക്കി. മുൻകൂർ തുക 30 ശതമാനം വെച്ച് തിരിച്ചുപിടിക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ഇത് 10 ശതമാനമാക്കിയത് സൂരജാണെന്നും വിജിലൻസ് വ്യക്തമാക്കി. ഈ നീക്കത്തെ കേരള റോഡ് ഫണ്ട് ബോർഡ് എതിർത്തതായും അവർ കൂട്ടിച്ചേർത്തു.
സാങ്കേതിക, ഭരണ അനുമതികൾ പ്രകാരം പാലത്തിന്റെ ഡിസൈൻ തയ്യാറാക്കേണ്ടത് ആർ.ബി.ഡി.സി.കെ.യാണ്. ഈ വ്യവസ്ഥ മറികടക്കണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. എന്നാൽ, അതുണ്ടായില്ല. ആർ.ഡി.എസിനു വേണ്ടി മേൽപ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കൺസൾട്ടന്റ്സിന്റെ മുൻ പ്രവർത്തനങ്ങളുടെ വിവരം ടെൻഡറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതില്ലെങ്കിൽ ടെൻഡർ തള്ളണമെന്നു വ്യവസ്ഥയുണ്ട്. അതു നടപ്പായില്ല. കിറ്റ്കോയും ഇത് അംഗീകരിച്ചു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2okbi88
via IFTTT
No comments:
Post a Comment