തിരുവനന്തപുരം: പരീക്ഷാനടത്തിപ്പിന്റെ വിശ്വാസ്യതയിൽത്തന്നെ സംശയമുണർത്തി, യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി യൂണിയൻ ഓഫീസിലും കേരള സർവകലാശാലയുടെ ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തി. റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ കെട്ടുകളാണിവ. കോളേജിലെ കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.െഎ. നേതാവുമായിരുന്ന ശിവരഞ്ജിത്തിന്റെ ആറ്റുകാലുള്ള വീട്ടിൽനിന്ന് പോലീസ് സമാനരീതിയിൽ ഉത്തരക്കടലാസ് കെട്ടുകൾ ഞായറാഴ്ച പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് എസ്.എഫ്.ഐ.യുടെ യൂണിറ്റ് കമ്മിറ്റി ഒാഫീസായി പ്രവർത്തിക്കുന്ന യൂണിയൻ ഓഫീസിലും ഇവ കണ്ടെത്തിയത്. അനധികൃതമായി സൂക്ഷിച്ച ഇവയ്ക്കൊപ്പം വകുപ്പുമേധാവിയുടെ സീലും പിടിച്ചെടുത്തു. എസ്.എഫ്.ഐ. നേതാക്കൾക്ക് പരീക്ഷയിൽ കൃത്രിമം കാട്ടാൻവേണ്ടിയാണ് യൂണിയൻ ഓഫീസിൽ ഉത്തരക്കടലാസുകൾ സൂക്ഷിച്ചിരുന്നതെന്നാണ് സംശയിക്കുന്നത്. യൂണിറ്റ് ഓഫീസ് തിങ്കളാഴ്ച ജീവനക്കാർ വൃത്തിയാക്കുമ്പോഴാണ് ഇവ കണ്ടെത്തിയത്. വീട്ടിൽനിന്ന് ലഭിച്ച സീൽ കോളേജിൽനിന്ന് കിട്ടിയതാണെന്നാണ് ശിവരഞ്ജിത്ത് പറയുന്നത്. നാക് അക്രഡിറ്റേഷന്റെ ഭാഗമായി നടന്ന ഒരുക്കങ്ങളുടെ സമയത്ത് കോളേജ് ഓഫീസിലെ ഒരു മേശയിൽനിന്നാണ് ഉത്തരക്കടലാസുകൾ എടുത്തുമാറ്റിയതെന്നാണു മൊഴി. ശിവരഞ്ജിത്തിനെതിരേ വ്യാജരേഖ ചമച്ചതിനും നിയമനത്തട്ടിപ്പിനും കേസെടുക്കും. ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയ സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീൽ വ്യാജമാണെന്നു കണ്ടെത്തിയതോടെയാണ് വധശ്രമത്തിനൊപ്പം വ്യാജരേഖ ചമച്ചതിനും കേസെടുക്കാൻ തീരുമാനിച്ചത്. ഇയാൾ സർവകലാശാലയിലും പി.എസ്.സി.യിലും ഹാജരാക്കിയ കായികനേട്ടത്തിനുള്ള സർട്ടിഫിക്കറ്റുകളുടെ ആധികാരികത പോലീസ് പരിശോധിക്കുകയാണ്. മറ്റുപല എസ്.എഫ്.ഐ. പ്രവർത്തകരുടെയും കോളേജ് പ്രവേശനത്തിന് കായികസർട്ടിഫിക്കറ്റുകളിൽ സാക്ഷ്യപ്പെടുത്താൻ ഈ സീൽ ഉപയോഗിച്ചെന്ന് പോലീസ് സംശയിക്കുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നിയമനത്തിന് ശിവരഞ്ജിത്ത് ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി കോളേജിലെ മൂന്നുപേരുടെ നിയമനശുപാർശ തടഞ്ഞുവെയ്ക്കാൻ പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്. കെ.എ.പി. നാലാം ബറ്റാലിയനിലെ ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരൻ പ്രണവ്, 28-ാം റാങ്കുകാരൻ നിസാം എന്നിവരുടെ നിയമനശുപാർശയാണ് മാറ്റിവെയ്ക്കുന്നത്. നിയമം ഇങ്ങനെ * സർവകലാശാലയിൽനിന്ന് കോളേജ് അധികൃതർക്കാണ് ഉത്തരക്കടലാസുകൾ കൈമാറുന്നത് * പരീക്ഷാച്ചുമതലയുള്ള അധ്യാപകനെ ഇവ ഏൽപ്പിക്കും * ഒാരോ പരീക്ഷയ്ക്കും ഉപയോഗിക്കുന്ന കടലാസുകളുടെ എണ്ണം കണക്കാക്കി ബാക്കിയുള്ളവ എണ്ണിത്തിട്ടപ്പെടുത്തി സൂക്ഷിക്കണം * ഇത് സർവകലാശാലയെ അറിയിക്കണം * ബാക്കി ഉത്തരക്കടലാസുകൾ അടുത്തപരീക്ഷയ്ക്ക് ഉപയോഗിക്കും ഉത്തരവാദി ആര്? യൂണിവേഴ്സിറ്റി കോളേജെന്ന് വി.സി. എസ്.എഫ്.ഐ. നേതാവായിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഉത്തരക്കടലാസ് യൂണിവേഴ്സിറ്റി കോളേജിൽനിന്ന് നഷ്ടമായതാണെന്ന് കേരള സർവകലാശാലാ വൈസ് ചാൻസലർ വി.പി. മഹാദേവൻപിള്ള. ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം സർവകലാശാല അന്വേഷിക്കും. ഉത്തരക്കടലാസുകൾ സംരക്ഷിക്കേണ്ട ബാധ്യത കോളേജ് അധികൃതർക്കുണ്ട്. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകും. സർവകലാശാലാ വകുപ്പുകളുടെയൊന്നും സീലുകൾ നഷ്ടമായിട്ടില്ല. ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ സീൽ വ്യാജമായിരിക്കും -അദ്ദേഹം പറഞ്ഞു. സർവകലാശാല കുറ്റക്കാരെന്ന് ഓഡിറ്റ് റിപ്പോർട്ട് ഉത്തരക്കടലാസുകളുടെ വിതരണത്തിലും സൂക്ഷിപ്പിലും കേരള സർവകലാശാലയ്ക്ക് ഗുരുതര പിഴവുള്ളതായി ഓഡിറ്റ് റിപ്പോർട്ട്. പിഴവ് പരിഹരിക്കാൻ ഉത്തരക്കടലാസ് വിതരണം കംപ്യൂട്ടർവത്കരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, നടപ്പാക്കിയില്ല. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കൾക്ക് ഉത്തരക്കടലാസ് ലഭിച്ചത് ഈ പിഴവുകാരണമാണെന്ന് വ്യക്തമാണ്. പരീക്ഷാ സ്റ്റോറിൽനിന്ന് വിവിധ പരീക്ഷാകേന്ദ്രങ്ങളിലേക്കു വിതരണംചെയ്യുന്ന ഉത്തരക്കടലാസുകളിൽ അവശേഷിക്കുന്നവ തിരികെ ശേഖരിക്കുന്നില്ല. ഉപയോഗിച്ച ഉത്തരക്കടലാസുകളുടെ എണ്ണമോ അവശേഷിക്കുന്നവ സംബന്ധിച്ച കണക്കോ സർവകലാശാലയിൽ ഇല്ല. പരീക്ഷാ സെന്ററുകളിൽ ഉത്തരക്കടലാസുകൾ കെട്ടിക്കിടക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്. 'ഇടിമുറി' ഇനി ക്ലാസ് മുറി; പ്രതികളായ വിദ്യാർഥികളെ പുറത്താക്കും 'ഇടിമുറി' എന്നറിയപ്പെട്ടിരുന്ന യൂണിയൻ ഓഫീസ് പൂട്ടി ക്ലാസ് മുറിയാക്കുമെന്ന് കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ.കെ. സുമ. എന്നാൽ, മുറി പൂട്ടാനെത്തിയപ്പോൾ ഇതിനു വാതിലുകളുണ്ടായിരുന്നില്ല. പുതിയ വാതിലുകൾ പിടിപ്പിച്ച് ഇത് ക്ലാസ് മുറിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥിയെ ആക്രമിച്ച കേസിൽ ആദ്യം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഏഴുപേരെ കോളേജിൽനിന്നു പുറത്താക്കാനും തീരുമാനിച്ചു. ശിവരഞ്ജിത്ത്, എ.എൻ. നസീം, എ.ആർ. അമർ, അദ്വൈത് മണികണ്ഠൻ, ആദിൽ മുഹമ്മദ്, ആരോമൽ എസ്. നായർ, മുഹമ്മദ് ഇബ്രാഹിം എന്നിവരെയാണ് പുറത്താക്കുക. ഇവരെ അനിശ്ചിതകാലത്തേക്ക് കോളേജ് കൗൺസിൽ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. അറസ്റ്റിലായത് ആറുപേർ അഖിലിനെ കുത്തിവീഴ്ത്തിയ കേസിൽ പ്രധാന പ്രതികളടക്കം ആറു യൂണിറ്റ് ഭാരവാഹികളാണ് ഇതുവരെ പിടിയിലായത്. ഒന്നും രണ്ടും പ്രതികളായ ആറ്റുകാൽ കാർത്തിക നഗർ ശിവകൃപയിൽ ശിവരഞ്ജിത് (23), മണക്കാട് കല്ലാട്ട്മുക്ക് ടി.സി. 49/198 നസീം (28) എന്നിവരെ തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം കേശവദാസപുരത്തുനിന്ന് ഒാട്ടോറിക്ഷയിൽ പോകുംവഴിയാണ് പോലീസ് പിടികൂടിയത്. അദ്വൈത്, ആരോമൽ, ആദിൽ, ഇജാബ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. content highlights:university college sfi
from mathrubhumi.latestnews.rssfeed https://ift.tt/2Y3Rgiu
via IFTTT
Post Top Ad
Tuesday, 16 July 2019
യൂണിയൻ ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകളും സീലും: ഉത്തരമില്ലാതെ ക്രമക്കേട്
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment