മുമ്പൊരു അധ്യയനവർഷം. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ചുമതലയുണ്ടായിരുന്നത് കായിക വിഭാഗത്തിലെ ഒരു അധ്യാപകന്. വളരെ കർക്കശക്കാരനായിരുന്നു അദ്ദേഹം. പ്രവേശനത്തിനൊന്നും ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. നേതാക്കൻമാർക്ക് പ്രവേശനം നൽകാനുള്ള വഴി അടഞ്ഞതോടെ യൂണിറ്റംഗങ്ങൾ ആകെ കലിപ്പിലായി. എവിടെ വച്ച് കണ്ടാലും പരസ്യമായി ചീത്തവിളിയും ഭീഷണിയും. ഗുണ്ടകളോട് പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് മനസിലായതോടെ അധ്യാപകൻ സ്ഥലം മാറ്റം വാങ്ങിപ്പോവുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളെ എസ്.എഫ്.ഐ. യൂണിറ്റിലെ നേതാക്കൾ സ്ഥിരമായി ഓർമിപ്പിക്കുന്ന ഒരു കാര്യമുണ്ട്. 'ഇവിടം ഭരിക്കുന്നത് ഞങ്ങളാണ്, പ്രിൻസിപ്പലല്ല'. അത് അക്ഷാർത്ഥത്തിൽ സത്യമാണെന്ന് ഭൂരിഭാഗം അധ്യാപകരും സമ്മതിക്കും. കോളേജിന്റെ നിയന്ത്രണം തങ്ങളുടെ കൈയിൽ തന്നെയാകണമെന്നതാണ് ഇവരുടെ ഏറ്റവും വലിയ ആവശ്യം. ഇവരുടെ ഉത്തരവുകളും ആവശ്യങ്ങളും നിരാകരിക്കപ്പെട്ടാൽ യൂണിറ്റിന്റെ അന്തസ്സ് തകർന്നു പോകുമെന്നാണ് ഇവരുടെ വിശ്വാസം. മതമൗലികവാദത്തെക്കാൾ ശക്തമായ ഏകാധിപത്യ ഫാസിസ്റ്റ് മനസ്സാണ് ഇക്കാര്യത്തിൽ ഇവർ സൂക്ഷിക്കുന്നത്. ഇത് ഇപ്പോൾ ഒരു കമ്മിറ്റിക്ക് വന്നതല്ല. ഇങ്ങനെയാണ് തങ്ങൾ യൂണിവേഴ്സിറ്റി കോളേജിൽ അധികാരം പിടിച്ച് നിർത്തുന്നതെന്നാണ് ഇതുപോലെ ഭരണം നടത്തിയിരുന്ന നേതാക്കളും പിൻഗാമികളെ പറഞ്ഞ് പഠിപ്പിക്കുന്നത്. ഏതാനും വർഷം മുമ്പ് യൂണിയൻ സംഘടിപ്പിക്കുന്ന ഒരു പരിപാടിയുടെ ദിവസം ഒന്ന് മാറ്റാൻ ഇവരോട് അടുത്ത ചില അധ്യാപകർ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നടക്കില്ലെന്നായിരുന്നു യൂണിറ്റുകാരുടെ മറുപടി. പരിപാടി വേണ്ടെന്നു വച്ചാലും യൂണിറ്റ് തീരുമാനിച്ച ദിവസം മാറ്റിവയ്ക്കാനാവില്ലത്രെ. ഒടുവിൽ പരിപാടി തന്നെ ഇവർ റദ്ദ് ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തിയും തല്ലിച്ചതച്ചും യൂണിറ്റിന്റെ മേധാവിത്വം അംഗീകരിപ്പിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത ഒരു വിഭാഗം ഗുണ്ടകളും എല്ലാക്കാലവും എസ്.എഫ്.ഐ. യൂണിറ്റിലുണ്ടാകും. എന്നാൽ അതിന്റെ മൂർധന്യത്തിലേക്ക് എത്തിയതാണ് ഇപ്പോഴത്തെ ദുരന്തം. യൂണിറ്റിന്റെ നിർദ്ദേശം മറികടക്കുന്നു എന്നു തോന്നിയപ്പോഴാണ് ഒപ്പമുള്ളവരെപ്പോലും കുത്തിവീഴ്ത്താൻ ഇവർ തീരുമാനിച്ചതും. വിദ്യാർഥികളെയെന്ന പോലെ അധ്യാപകരെയും ഭീഷണിപ്പെടുത്തി തന്നെയാണ് വരുതിയിലാക്കുന്നത്. തങ്ങൾക്കെതിരാണെന്ന് തോന്നുന്ന അധ്യാപകരെ നിലയ്ക്ക് നിർത്താൻ പല വഴികളുണ്ട്. ചീത്ത വിളിക്കുകയാണ് ആദ്യ പരിപാടി. അധ്യാപകർ അടുത്തുകൂടി പോകുമ്പോൾ മറ്റാരെയോ എന്നതു പോലെ ചീത്ത വിളിക്കും. അടുത്ത ഘട്ടം അടുത്തു ചെന്ന് മുഖത്ത് നോക്കി ചീത്തവിളിക്കലാണ്. അത് കഴിഞ്ഞാൽ ഭീഷണിയായി. പിന്നെ വാഹനങ്ങൾ നശിപ്പിക്കുക, ടയർ കുത്തിക്കീറുക എന്നതിലേക്ക് കടക്കും. ഇതോടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്ന അധ്യാപകർ പിന്നെ ഇവർക്കെതിരേ നീങ്ങില്ല. നിശബ്ദരായി ഇരുന്നുകൊള്ളും. കോപ്പിയടി പിടിച്ചതിനുപോലും ഇങ്ങനെ പീഡനമേൽക്കേണ്ടിവന്ന അധ്യാപകരുണ്ട്. പഠനവും ക്ലാസുമൊന്നും പ്രശ്നമല്ലാതെ നേതാവ് ചമയാൻ മാത്രമെത്തുന്നവരെ നിയന്ത്രിക്കാനും അധ്യാപകർക്ക് കഴിയാറില്ല. ഇതിലും ഒതുങ്ങാത്തവർക്കെതിരേ പിന്നെ പരാതി പ്രളയമാണ്. പെൺകുട്ടികളെ പീഡിപ്പിച്ചെന്നുവരെയുള്ള പരാതികളുണ്ടാകും. ഒടുവിൽ ഏതെങ്കിലും ഒരു പരാതിയിൽ ശിക്ഷാനടപടി വാങ്ങി നാണംകെടേണ്ടിയും വരും. കോളേജിനെയും വിദ്യാർത്ഥികളേയും നന്നാക്കാനിറങ്ങി മാനനഷ്ടവും ദൂരേക്ക് സ്ഥലംമാറ്റവും വാങ്ങാൻ താത്പര്യമില്ലാത്തതിനാൽ മൗനം പാലിച്ച് സ്വന്തം കാര്യം നോക്കി പോകാൻ അധ്യാപകരും തീരുമാനിക്കും. വിരലിലെണ്ണാവുന്ന ചില അധ്യാപകർ മാത്രമാണ് ഇവർക്ക് എല്ലാ പിന്തുണയും നൽകുന്നത്. അത് ആ അധ്യാപകരുടെ സ്വന്തം കാര്യം കൂടി കാണാനെന്നാണ് മറ്റധ്യാപകർ പറയുന്നത്. ഇത്തരം കുറ്റവാളികളെ കോളേജിൽ നിന്നും പുറത്താക്കാൻ രാഷ്ട്രീയനേതൃത്വം സമ്മതിക്കുകയുമില്ല. യൂണിവേഴ്സിറ്റിയിലും നല്ല പിടിയുള്ളതിനാൽ ഇവർക്കെതിരേ നൽകുന്ന കോപ്പിയടി അടക്കമുള്ള പരാതികൾ മുങ്ങിപ്പോവുകയും ചെയ്യും. പരാതി നൽകുന്നവരുടെ വിവരങ്ങൾ അപ്പോൾ യൂണിറ്റുകാർക്ക് ലഭിക്കുകയും ചെയ്യും. ഇതിന് പരാതി നൽകിയത് അധ്യാപകനായാലും ചീത്തവിളി വേറെ കേൾക്കണം. 2001 ൽ യൂണിവേഴ്സിറ്റി കോളേജിലെ അക്രമികളെ പിടിക്കാൻ പോലീസ് അകത്ത് കയറിയതാണ്. എന്നാൽ ഇപ്പോഴത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മുൻമന്ത്രി ശിവദാസ മേനോന്റേയും നേതൃത്വത്തിൽ അകത്ത് കയറി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി പോലീസിനെ പുറത്തിറക്കിച്ച് അക്രമികളെ രക്ഷിക്കുകയും ചെയ്തു. അതിനു ശേഷം പോലീസും അകത്ത് കയറാൻ പോയിട്ടില്ല. പ്രിൻസിപ്പൽമാർ പരാതിയും നൽകിയിട്ടില്ല. അടുത്തകാലം വരെ എസ്.എഫ്.ഐ.യുടെ ജില്ലാകമ്മിറ്റി നേരിട്ടാണ് യൂണിവേഴ്സിറ്റി കോളേജിന്റെ ചുമതല വഹിച്ചിരുന്നത്. ഈ യൂണിറ്റിലുള്ളവർക്ക് സംഘടനയിലും നല്ല നിലയാണ്. ഏരിയ കമ്മിറ്റി പ്രസിഡന്റിനെ തല്ലിയാൽ പോലും ആരും ചോദിക്കില്ല. സ്റ്റുഡന്റ്സ് സെന്ററും യൂണിവേഴ്സിറ്റി ഹോസ്റ്റലും യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റിന്റെ ഭരണത്തിലുള്ള കേന്ദ്രങ്ങളാണ് പാളയം സ്റ്റുഡന്റ്സ് സെന്ററും പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലും. ഈ യൂണിറ്റിന് ജില്ലാകമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും മുന്നിൽ പരിഗണന ലഭിക്കുന്നതും ഈ രണ്ട് സ്ഥാപനങ്ങളിലെ അധികാരം കൊണ്ടുതന്നെയാണ്. ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം എസ്.എഫ്.ഐ.ക്കാണ്. ആർക്ക് വേണമെങ്കിലും ഇവിടെ വരാം താമസിക്കാം. കഞ്ചാവും മദ്യവും അടക്കമുള്ള ലഹരി ഉപയോഗത്തിനുള്ള സംഘങ്ങളുടേയും പ്രധാന കേന്ദ്രമാണ്. ഇവിടെ ഏതൊക്കെ മുറിയിൽ ആരൊക്കെയാണ് താമസിക്കുന്നതെന്ന് സർവകലാശാലക്ക് പോലും അറിയില്ല. വർഷങ്ങൾക്ക് മുമ്പ് പഠനം കഴിഞ്ഞു പോയവർ പോലും ഇവിടെ താമസിക്കുന്നുണ്ട്. ഇതിന് എസ്.എഫ്.ഐ. നേതാക്കളുടെ അനുമതി മാത്രം മതി. മറ്റെവിടെയെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയോ കേസുകളിൽപ്പെട്ടോ വരുന്നവരുടെ ഒളിത്താവളം കൂടിയാണ്. പോലീസും ഇവിടെ കയറില്ല. എത്രയോ പതിറ്റാണ്ടുകൾക്ക് ശേഷമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് പരിശോധന നടത്തുന്നത്. അതും മാധ്യമങ്ങളെ പുറത്തു നിർത്തി. അകത്തെ കാഴ്ചകൾ കണ്ടാൽ ജനം ഞെട്ടും എന്നുറപ്പുള്ളതിനാലായിരുന്നു ഈ പരിപാടി. ഈ റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വിടാൻ പോലീസ് തയാറാവാത്തത് ഉന്നത നിർദ്ദേശത്തെ തുടർന്നാണ്. ഈ ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം യൂണിവേഴ്സിറ്റി ഏറ്റെടുത്താൽ പകുതി പ്രശ്നം അവസാനിക്കും. യൂണിവേഴ്സിറ്റി യൂണിയന്റെ ആസ്ഥാനമായ സ്റ്റുഡന്റ്സ് സെന്ററും ഇവരുടെ ഭരണത്തിലാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ഭാരവാഹികൾ സ്ഥിരമായി എത്താറില്ലാത്തതിനാൽ യൂണിവേഴ്സിറ്റി കോളേജ് നേതാക്കൾ എപ്പോഴും ഇവിടെ തന്നെയാണ്. അഖിലിനെ കുത്തിയശേഷം പ്രതികൾ എത്തിയതും ഇവിടെയാണ്. content highlights:university college, sfi, cpm, hostel
from mathrubhumi.latestnews.rssfeed https://ift.tt/2GeJJ6t
via IFTTT
Post Top Ad
Tuesday, 16 July 2019
Home
madhrubhumi
യൂണിവേഴ്സിറ്റി കോളേജ് ഭരിക്കുന്നത് പ്രിൻസിപ്പലല്ല; അധ്യാപകർക്കെതിരെ പീഡന പരാതികളും നൽകും
യൂണിവേഴ്സിറ്റി കോളേജ് ഭരിക്കുന്നത് പ്രിൻസിപ്പലല്ല; അധ്യാപകർക്കെതിരെ പീഡന പരാതികളും നൽകും
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment