എൻഎസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. സുകുമാരൻ നായർ രാഷ്ട്രീയക്കാരനുമല്ല. പക്ഷെ അദ്ദേഹം തുടങ്ങിവെച്ച നാമജപ ഘോഷയാത്ര വലിയ രാഷ്ട്രീയ വിവാദമായി. എങ്കിലും അതിന്റെ പ്രയോജനം കിട്ടിയത് കോൺഗ്രസിനും യുഡിഎഫിനും. വളരെ പ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയ ബിജെപിയെ എൻഎസ്എസ് തുണച്ചതേയില്ല. സുകുമാരൻ നായരുടെ അതിസൂക്ഷ്മമായ നീക്കം തന്നെയാണ് ശബരിമല വിഷയത്തെ വളർത്തിയതും ആളിക്കത്തിച്ച് ഒരു വലിയ വിവാദമാക്കിയതും 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സുപ്രധാന വിഷയമായി മാറ്റിയതും. കഴിഞ്ഞ വർഷം സെപ്റ്റംബർ 28 നാണ് സുപ്രീം കോടതി ചരിത്രപ്രധാനമായ ആ വിധി പ്രസ്താവിച്ചത്. ശബരിമലയിൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം നൽകേണ്ടതാണെന്ന വിധി ആദ്യഘട്ടത്തിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ബിജെപി നേതൃത്വം പൊതുവെ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. ആർഎസ്എസിലെ ഒരു പ്രമുഖനേതാവ് ഈ നിലയ്ക്ക് ലേഖനമെഴുതുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സുകുമാരൻ നായർ ഈ വിഷയത്തെക്കുറിച്ചു മറിച്ചു ചിന്തിച്ചത്. സ്ത്രീ പ്രവേശനത്തിനെതിരായ നീക്കങ്ങൾ അദ്ദേഹം ആരംഭിച്ചു. ഒക്ടോബർ രണ്ടാം തീയതി തന്നെ വിധി വന്ന് ദിവസങ്ങൾക്കുള്ളിൽ പന്തളത്ത് അതി ഗംഭീരമായൊരു നാമജപ ഘോഷയാത്ര സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അതിൽ പങ്കെടുത്തത് ആയിരക്കണക്കിനു വനിതകൾ. ഒരു രാഷ്ട്രീയ വിഷയവും പറയാതെ, ഒരു രാഷ്ട്രീയത്തിന്റെയും പിന്തുണയില്ലാതെ ഇത്രയേറെ സ്ത്രീകളെ തെരുവിലിറക്കാൻ കഴിഞ്ഞ ശബരിമല വിഷയം കണ്ട് ബിജെപി പ്രസിഡന്റ് ശ്രീധരൻപിള്ള അതിശയിച്ചു. ഇതൊരു സുവർണാവസരമാണ്. നമുക്കിതു മുതലാക്കണം. ശ്രീധരൻപിള്ള കോഴിക്കോട് യുവമോർച്ച പ്രവർത്തകരുടെ യോഗത്തിൽ ആവേശത്തോടെ പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ബിജെപി ശബരിമലയുമായി രംഗത്തിറങ്ങിയത്. പിന്നെ സമരങ്ങളുടെ ദിനങ്ങളായിരുന്നു. എൻഎസ്എസ് അനങ്ങിയില്ല. പന്തളം കൊട്ടാരപ്രതിനിധികൾ എൻഎസ്എസുമായി ചേർന്ന് പലേടത്തും നാമജപഘോഷയാത്ര നടത്തി. ഇതൊക്കെ ബിജെപിയെ പിന്നെയും പിന്നെയും ആവേശം കൊള്ളിച്ചു. അവരുടെ സമരവും കടുത്തു. തിരഞ്ഞെടുപ്പു വന്നപ്പോൾ ബിജെപി ആവേശത്തോടെ മുന്നിട്ടിറങ്ങി. മിസോറാം ഗവർണർസ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു പറന്നിറങ്ങി. ശബരിമല സന്നിധാനത്തിൽ മുന്നണിപ്പോരാളിയായിരുന്ന കെ സുരേന്ദ്രൻ ശബരിമലവ്രതം നോക്കുന്ന ഭക്തരെപ്പോലെ കറുത്ത വസ്ത്രങ്ങളും ധരിച്ച് പത്തനംതിട്ടയിലെത്തി. തൃശൂരിൽ സ്ഥാനാർത്ഥിയായ സുരേഷ്ഗോപി എന്റെ അയ്യൻ എന്ന് ഉറക്കെ വിളിച്ചു. പക്ഷെ എൻഎസ്എസ്സോ സുകുമാരൻ നായരോ ബിജെപിയെ ഗൗനിച്ചതേയില്ല. ഒരു ഘട്ടത്തിലും ബിജെപിക്കു പിന്തുണ കൊടുക്കാൻ എൻഎസ്എസ് തയ്യാറായില്ല. അതിന്റെ ചരിത്രവും അതുതന്നെയായിരുന്നു. 2000-ലാണ് ഡിസംബർ അവസാനവാരമാണ് പ്രധാനമന്ത്രി എബി വാജ്പേയ് കോട്ടയത്തിനടുത്ത് കുമരകത്ത് വിശ്രമത്തിനെത്തിയത്. തൊട്ടടുത്താണ് എൻഎസ്എസിന്റെ ആസ്ഥാനം. ചങ്ങനാശ്ശേരിക്കടുത്ത് പെരുന്നയിൽ. കുമരകത്തു വിശ്രമിക്കുന്ന പ്രധാനമന്ത്രിയെ സന്ദർശിക്കാൻ പ്രമുഖ ബിജെപി നേതാക്കൾ തന്നെ അന്നത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി പികെനാരായണപ്പണിക്കരെ നിർബന്ധപൂർവം ക്ഷണിച്ചതാണ്. വാജ്പേയ് പത്തു ദിവസത്തോളം കുമരകത്തുണ്ടായിരുന്നു. അദ്ദേഹവുമായി രെു കൂടിക്കാഴ്ച നടത്താൻ നാരായണപ്പണിക്കർ സമ്മതിച്ചതേയില്ല. അദ്ദേഹത്തിനു ശേഷം ജനറൽ സെക്രട്ടറിയായ സുകുമാരൻ നായരും ഇതേ പാത തുടർന്നു. ബിജെപിയുമായോ ആർ.എസ്.എസുമായോ എന്തെങ്കിലുമടുപ്പം പുലർത്താൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. എൻ.എസ്.എസ് മന്ദിരത്തിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപി എത്തിയപ്പോൾ വളരെ ക്രൂദ്ധനായാണ് സുകുമാരൻ നായർ പ്രതികരിച്ചത്. നേരത്തെ അറിയിക്കാതെ സുരേഷ്ഗോപി എത്തിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. എൻ.എസ്.എസ് തുറന്ന ശബരിമല വഴിയിലൂടെ ബിജെപി ബഹുദൂരം പോയെങ്കിലും ഒരിക്കലും എൻ.എസ്.എസ് കൂടെയുണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസിന് പൂർണമായ പിന്തുണ കൊടുക്കാനും എൻ.എസ്.എസ്. തയ്യാറായി. താൻ മുന്നോട്ടു കൊണ്ടുവന്ന ശബരിമല വിഷയം രാഷ്ട്രീയ വിഷയമാക്കി വലിയ മുന്നേറ്റം നടത്തിയതു ബിജെപി ആണെങ്കിൽ പോലും ബിജെപിയോടോ ആർ.എസ്.എസിനോടോ രഹസ്യമോ പരസ്യമോ ആയ എന്തെങ്കിലും ബന്ധമുണ്ടാക്കാൻ സുകുമാരൻ നായർ ഒരിക്കലും ശ്രമിച്ചിട്ടില്ല. എൻ.എസ്.എസിനും ആർ.എസ്.എസിനും തമ്മിൽ എന്ത് എന്ന ചോദ്യം ഇവിടെ ഉയരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണം മുഴുവൻ ആർ.എസ്.എസ് തന്നെ ഏറ്റെടുത്തു നടത്തുകയായിരുന്നു. ഇതിന്റെ പേരിൽ ഇരു സംഘടനകളും തമ്മിൽ അഭിപ്രായ വ്യത്യാസവും ഉയർന്നിരുന്നു. ഒരു ഘട്ടത്തിലും എൻ.എസ്.എസും ആർ.എസ്.എസും തമ്മിൽ ആശയ വിനിമയം നടന്നില്ല. അതേസമയം സംഘടനയുടെ പിന്തുണ കോൺഗ്രസിനും യു.ഡി.എഫിനുമാണെന്ന് സുകുമാരൻ നായർ വ്യക്തമാക്കുകയും ചെയ്തു. ശബരിമല വിഷയം വലിയൊരു രാഷ്ട്രീയ വിഷയമാക്കിയ ബിജെപി നിലപാടിനോട് സുകുമാരൻ നായർ യോജിച്ചില്ല. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി ബന്ധമുണ്ടാക്കിയതും തുഷാർ വെള്ളാപ്പള്ളി നേതാവായി ബിഡിജെഎസ് രൂപീകരിച്ചതുമൊന്നും സുകുമാരൻ നായർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എസ്.എൻ.ഡി.പി.യെ പ്രീണിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമെന്ന നിലയ്ക്കാണ് അദ്ദേഹം ഇതിനെ കണ്ടത്. ബിജെപിയുടെയും ആർ.എസ്.എസിന്റെയും അണികളിലുള്ളവരിൽ അധികവും നായർ സമുദായത്തിൽ നിന്നുള്ളവരാണെങ്കിലും ഈ രണ്ടു സംഘടനകളുമായും നേരിട്ടൊരു ബന്ധമുണ്ടാക്കാൻ എൻ.എസ്.എസ്. ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. 19 സീറ്റ് നേടിയ യുഡിഎഫ് വിജയത്തിനു പിന്നിൽ അടിസ്ഥാന ഘടകമായി എൻ.എസ്.എസ് നിലപാടുണ്ട്. നാരായണപണിക്കരുടെ കാലം മുതൽ എൻ.എസ്.എസ്. പിന്തുടർന്നിരുന്ന സമദൂര സിദ്ധാന്തം തെല്ലു മാറ്റിവെച്ച് യു.ഡി.എഫ്. പിന്തുണ ഫലപ്രദമായി നടപ്പാക്കുകയായിരുന്നു എൻ.എസ്.എസ് ഈ തിരഞ്ഞെടുപ്പിൽ. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ശബരിമല വിവാദം കനത്തപ്പോൾ ആ ബന്ധം അറ്റുപോവുകയും ചെയ്തു. പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ വിജയത്തിനു പിന്നിലും എൻ.എസ്.എസിന്റെ കൈയുണ്ട്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ വിജയിപ്പിക്കാൻ ചില എൻ.എസ്.എസ്. നേതാക്കാൾ പ്രചാരണത്തിനിറങ്ങിയപ്പോൾ ശശി തരൂരിനെ പിന്തുണയ്ക്കാനായിരുന്നു സംഘടനയുടെ ഔദ്യോഗിക തീരുമാനം. ചില പ്രമുഖ എൻ.എസ്.എസ്. നേതാക്കൾ പരസ്യമായി തന്നെ തരൂരിനുവേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. സമദൂര സിദ്ധാന്തത്തിനു പലവിധ വകഭേദങ്ങളുണ്ടാവുമെങ്കിലും അതൊരിക്കലും ബിജെപിയുമായോ ആർ.എസ്.എസുമായോ സൗഹൃദമുണ്ടാക്കുന്നതിനു വഴിവെയ്ക്കാറില്ല. രാഷ്ട്രീയക്കാരനല്ലാത്ത സുകുമാരൻ നായർ എല്ലാം പഠിച്ച ഒരു രാഷ്ട്രീയക്കാരന്റെ മെയ്വഴക്കത്തോടൊയാണ് നിലകൊള്ളുന്നത്. നിലപാടുകളെടുക്കുന്നത്. കോൺഗ്രസിനോടും സിപിഎമ്മിനോടുപോലുമില്ലാത്ത ഒരു പേടിയും അകൽച്ചയും എൻ.എസ്.എസിനു ബിജെപിയോടും ആർ.എസ്.എസിനോടുമുണ്ടോ? Content Highlights: NSS, UDF Victory, Kerala
from mathrubhumi.latestnews.rssfeed http://bit.ly/2Et3FRR
via IFTTT
Post Top Ad
Saturday, 25 May 2019
ബിജെപിയെ കൈവിട്ട് കോണ്‍ഗ്രസിന് താങ്ങായി എന്‍എസ്എസ്
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment