തുറന്ന പോരിന് സാധ്യത കുറവ് പാകിസ്താൻ നിഴൽയുദ്ധം തുടർന്നേക്കും - News4Max

Breaking

Post Top Ad

Wednesday, 27 February 2019

തുറന്ന പോരിന് സാധ്യത കുറവ് പാകിസ്താൻ നിഴൽയുദ്ധം തുടർന്നേക്കും

ന്യൂഡൽഹി : പാക് അതിർത്തി കടന്ന് ഇന്ത്യ നടത്തിയ രണ്ടാം ആക്രമണം പാകിസ്താൻ കൈയുംകെട്ടി നോക്കിയിരിക്കുമോ അതല്ല, തിരിച്ചടിച്ചുകൊണ്ട് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമോ? പുൽവാമ ഭീകരാക്രമണത്തിനുശേഷം, യുദ്ധത്തിനായി മുറവിളി കൂട്ടുന്നവർക്ക് അല്പം ആശ്വാസമായെങ്കിലും ജനങ്ങൾ പൊതുവേ ഉത്കണ്ഠയിലാണ്. പാകിസ്താൻ എന്തുചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇനിയുള്ള കാര്യങ്ങൾ. യുദ്ധത്തിലേക്ക് പോകുമോ അതല്ല, നിലവിലെ രീതിയിൽ നിഴിൽയുദ്ധം തുടരുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ഇന്നത്തെ നിലയ്ക്ക് തുറന്നപോരിന് സാധ്യത വളരെ കുറവാണ്. രാജ്യത്തിനകത്ത് ഭീകരകേന്ദ്രം പ്രവർത്തിക്കുന്നതോ അവിടെനിന്ന് യുവാക്കളെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് തള്ളിവിടുന്നതോ പാകിസ്താൻ ഒരിക്കലും സമ്മതിക്കാറില്ല. ബാലാകോട്ടിലെ ഇന്ത്യനാക്രമണം അവർ അംഗീകരിക്കാത്തത് അതുകൊണ്ടാണ്. അവിടെ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അതിർത്തി കടന്ന ഇന്ത്യൻ പോർവിമാനങ്ങളെ പാക് വിമാനങ്ങൾ തുരത്തിയെന്നുമാണ് പാകിസ്താന്റെ ഔദ്യോഗിക വിശദീകരണം. രക്ഷപ്പെടുന്നതിനിടയിൽ ഇന്ത്യൻ വിമാനങ്ങൾ ധൃതിയിൽ സ്ഫോടകവസ്തുക്കൾ ഒഴിവാക്കിയത്രെ. അതിനു തെളിവായി ചില ചിത്രങ്ങളും പാകിസ്താൻ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ അപ്രതീക്ഷിതനീക്കം ഉണ്ടാക്കിയ അമ്പരപ്പും ജാള്യതയും നാശനഷ്ടവും മറയ്ക്കാനും സ്വന്തം ജനതയെയും അന്താരാഷ്ട്ര സമൂഹത്തെയും ബോധ്യപ്പെടുത്താനും പാക് ഭരണകൂടം മെനയുന്ന കഥ മാത്രമായി ഇതിനെ കാണാനാവില്ല. തത്കാലം ഇന്ത്യയ്ക്കുനേരെ അതിർത്തി കടന്നുള്ള സാഹസത്തിന് തങ്ങൾ തയ്യാറല്ലെന്ന അറിയിപ്പാണ് ഈ കഥയിലൂടെ അവർ അനൗദ്യോഗികമായി നൽകുന്നത്. ഇന്ത്യൻ വ്യോമസേന അതിർത്തി കടന്നെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും സൈനികവക്താവ് മേജർ ജനറൽ അസീഫ് ഗഫൂറും ചൊവ്വാഴ്ച രാവിലെതന്നെ സ്ഥിരീകരിച്ചിരുന്നു. ഇസ്ലാമാബാദിനടുത്തുള്ള ബാലാകോട്ടിലല്ല, പാക് അധിനിവേശ കശ്മീരിലെ ബാലാകോട്ടിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് അവരുടെ ഭാഷ്യം. സൈനികമായും നയതന്ത്രതലത്തിലും ഇതുവരെ മേൽക്കൈ ഇന്ത്യയ്ക്കാണ്. ഭീകരകേന്ദ്രം തകർക്കാൻ നടത്തിയ അതിർത്തിലംഘനത്തെ വിദേശരാജ്യങ്ങളൊന്നും അപലപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഭീകരപ്രവർത്തനത്തിന്റെ കേന്ദ്രമായി പാകിസ്താനെ വിശേഷിപ്പിച്ച് ഏതാനും വർഷങ്ങളായി ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. അന്തരാഷ്ട്ര തലത്തിൽ പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും നാം ചെയ്യേണ്ടതുചെയ്തെന്ന നിലപാടിലാണ് ഇന്ത്യ. അതിർത്തിക്കുള്ളിൽ ഭീകരകേന്ദ്രം പ്രവർത്തിക്കുന്നതിന്റെ തെളിവ് ഇന്ത്യ പാകിസ്താനും അമേരിക്കയ്ക്കും നേരത്തേ നൽകിയതാണ്. എന്നിട്ടും പാകിസ്താന്റെ ഭാഗത്തുനിന്നോ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഭാഗത്തുനിന്നോ നടപടിയുണ്ടായില്ല. വ്യോമാക്രമണത്തെ സൈനിക നടപടിയായിട്ടല്ല മറിച്ച് ഭീകരാക്രമണം മുൻകൂറായി തടയാനുള്ള 'സൈനികേതര' നടപടിയായിട്ടാണ് ഇന്ത്യ വിശേഷിപ്പിച്ചത്്. വിദേശകാര്യ സെക്രട്ടറിയിലൂടെ അക്കാര്യം വ്യക്തമാക്കിയതും സൈനികനീക്കമോ യുദ്ധമോ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന സൂചന നൽകാനാണ്. അന്തരാഷ്ട്രതലത്തിൽ നയതന്ത്ര പിന്തുണ ലഭിക്കാനാണിത്. 2016 സെപ്റ്റംബറിൽ മിന്നലാക്രമണം നടത്തിയപ്പോൾ മിലിറ്ററി ഓപ്പറേഷന്റെ ചുമതലയുള്ള ഡയറക്ടർ ജനറലാണ് അക്കാര്യം ഔദ്യോഗികമായി വിശദീകരിച്ചത്. സാമ്പ്രദായികരീതിയിലുള്ള യുദ്ധത്തിൽ ഇന്ത്യയെ ജയിക്കാനാവില്ലെന്ന് പാകിസ്താന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ആ സാഹസത്തിന് അവർ മുതിരില്ല. ആണവായുധം വെച്ചുള്ള ഭീഷണിയും നടക്കില്ല. ആ നിലയ്ക്ക് ഭീകരരെ വളർത്തിയും നുഴഞ്ഞ് കയറ്റിയും ഉള്ള നിഴൽയുദ്ധംതന്നെ അവർ തുടരാനാണ് സാധ്യത. ഉറങ്ങാതെ മോദി ന്യൂഡൽഹി: അതിർത്തികടന്ന് വ്യോമസേനാ വിമാനങ്ങൾ ആക്രമണം നടത്തിയ തിങ്കളാഴ്ച രാത്രിമുഴുവൻ പ്രധാനമന്ത്രി ഉറങ്ങിയില്ല. തിങ്കളാഴ്ച രാത്രി ന്യൂസ് 18 ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തശേഷം 9.15-നാണ് പ്രധാനമന്ത്രി ഔദ്യോഗികവസതിയിലെത്തിയത്. ഭക്ഷണത്തിനുശേഷം സൈനിക നടപടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ബി.എസ്. ധനോവ എന്നിവരുമായി ഇതിനിടെ പലവട്ടം ചർച്ചനടത്തി. പുലർച്ചെ 4.30-ഓടെ ദൗത്യം പൂർത്തിയാക്കി വ്യോമസേനാ പൈലറ്റുമാർ സുരക്ഷിതരായി തിരിച്ചെത്തി. സൈനിക ദൗത്യത്തിൽ പങ്കാളിയായ എല്ലാവരെയും ആശംസയറിയിച്ചശേഷമാണ് അദ്ദേഹം ദൈനംദിന കാര്യങ്ങളിലേക്ക് തിരിഞ്ഞത്. Content Highlights:Indian Air Strike Pakistan will Continue Shadow war

from mathrubhumi.latestnews.rssfeed https://ift.tt/2TjI2fw
via IFTTT

No comments:

Post a Comment

Post Bottom Ad

Pages