രാജ്യാന്തര തലത്തിൽ പിന്തുണ നഷ്ടപ്പെട്ട പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഭീകരതയെ രാജ്യതന്ത്രമായി ഉപയോഗിക്കുന്ന പാക്കിസ്ഥാനുമായി ചർച്ച സാധ്യമല്ല. ജനാധിപത്യ രാജ്യത്തിൽ ജനവികാരം മാനിക്കേണ്ടതിനാലാണ് ഇന്ത്യ– പാക്ക് ക്രിക്കറ്റ് മത്സരം നടക്കാത്തതെന്നും ജയശങ്കർ പറഞ്ഞു. കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയെ രാജ്യതന്ത്രത്തോടൊപ്പം ചേർത്തു വെല്ലുവിളിക്കുന്ന അയൽരാജ്യവുമായി സംസാരിക്കാൻ ഇന്ത്യയ്ക്കു സാധ്യമല്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിന്റെ അടിസ്ഥാന കാരണം കശ്മീർ ആണെന്നു കരുതുന്നില്ല. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങളിൽ കശ്മീരും ഭാഗമാണെന്നു മാത്രം. അയൽക്കാരുമായി സംസാരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാൽ ഭീകരത സംഘടിപ്പിക്കുകയും അവിശ്വസനീയമാംവിധം അതു നിഷേധിക്കുകയും ചെയ്യുന്ന അയൽരാജ്യവുമായി എങ്ങനെ സംസാരിക്കും?
അവരതു ചെയ്യുകയും ചെയ്തില്ലെന്നു ഭാവിക്കുകയും ചെയ്യും. അവർക്കറിയാം ഈ ഭാവിക്കൽ ഗൗരവമുള്ളതല്ലെന്ന്. എന്നാലും അവർ അങ്ങനെ ചെയ്യും. ഇതു വലിയ വെല്ലുവിളിയാണു നമുക്ക്. പിന്നെ എങ്ങനെയാണ് അവരെ അഭിമുഖീകരിക്കാൻ സാധിക്കുക? ഇത്തരം വിഷയങ്ങളെ യഥാർഥ ജീവിതത്തിൽനിന്നു വേർപെടുത്തി കാണുക ദുഷ്കരമാണ്. ഭീകരത, ചാവേർ ബോംബ് സ്ഫോടനം, ആക്രമണങ്ങൾ എന്നിവയാണ് അയൽക്കാരുടെ സവിശേഷതകൾ.
ഇങ്ങനെയെല്ലാം നടക്കുമ്പോൾ, ശരി സുഹൃത്തുക്കളെ ഇനി ചായയ്ക്കുള്ള നേരമാണ്, നമുക്കു കുറച്ചുനേരം ക്രിക്കറ്റ് കളിച്ചു രസിക്കാം എന്ന് ആർക്കെങ്കിലും പറയാനാകുമോ? ജനങ്ങളോടു പറയാൻ ഏറ്റവും പ്രയാസമുള്ള ആഖ്യാനമാണിത്. ഇതു ജനാധിപത്യ രാജ്യമാണ്. ജനങ്ങളുടെ വികാരം മാനിക്കപ്പെടേണ്ടതാണ്. രാത്രിയിൽ ഭീകരത, പകൽ പതിവു പരിപാടികൾ. നിർഭാഗ്യവശാൽ ഈ സന്ദേശമാണ് നമുക്കു കിട്ടുന്നത്. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് മൽസരം സാധ്യമാകില്ല.’– ജയശങ്കർ വ്യക്തമാക്കി.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2nEWHUp
via IFTTT
No comments:
Post a Comment