ആന്തൂർ: നഗരസഭയ്ക്ക് സർക്കാരിന്റെ ക്ലീൻചിറ്റ് - News4Max

Breaking

Post Top Ad

Friday, 19 July 2019

ആന്തൂർ: നഗരസഭയ്ക്ക് സർക്കാരിന്റെ ക്ലീൻചിറ്റ്

കൊച്ചി: കണ്ണൂരിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യചെയ്ത സംഭവത്തിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ വിശദീകരണം. കൺവെൻഷൻ സെന്ററിന് പ്ലാൻ തയ്യാറാക്കിയ ആർക്കിടെക്ടിന്റെ അശ്രദ്ധയാകാം പലതവണ മാറ്റംആവശ്യപ്പെടാൻ കാരണമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇടക്കാലത്ത് പുതിയ പ്ലാൻ സമർപ്പിച്ചതും നഗരസഭയുടെ മുൻകൂർ അനുമതിയില്ലാതെ നിർമാണരീതി മാറ്റിയതും പ്രശ്നമായെന്ന് തദ്ദേശവകുപ്പിലെ അണ്ടർ സെക്രട്ടറി ജി. അനിൽ കുമാർ പറയുന്നു. കോടതി നിർദേശിച്ചതനുസരിച്ച് സമർപ്പിച്ചതാണ് ഈ സത്യവാങ്മൂലം. കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ ലൈസൻസ് നൽകാത്തതിനെത്തുടർന്ന് സാജൻ പാറയിൽ ജൂൺ 18-നാണ് ആത്മഹത്യ ചെയ്തത്. മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം സ്വമേധയാ ഹർജിയാക്കിയാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കെട്ടിടം നിർമിച്ചയിടത്തെ ഭൂമിയുടെ ചെരിവ് ശ്രദ്ധിക്കാതെയാണ് ആർക്കിടെക്ട് പ്ലാൻ തയ്യാറാക്കിയതെന്നാണ് കരുതേണ്ടത്. പ്ലാനിന് അംഗീകാരം വൈകാൻ അതുകാരണമായി. പിന്നീട് സമർപ്പിച്ച പുതിയ പ്ലാനിലും പല പാളിച്ചകളും കണ്ടെത്തി. പ്ലാൻ അംഗീകരിച്ചശേഷവും നിർമാണരീതിയിൽ മാറ്റംവരുത്തി. ആളുകൾ സമ്മേളിക്കുന്ന ഗ്രൂപ്പ് ഡി വിഭാഗത്തിലെ കെട്ടിടമായതിനാൽ അത്തരത്തിൽ മാറ്റംവരുത്തരുതായിരുന്നു. പ്ലാനിൽ കോൺക്രീറ്റ് നിർമിതി കാണിച്ചയിടത്ത് മുൻകൂർ അനുമതിയില്ലാതെ ഇരുമ്പുകൊണ്ടുള്ള നിർമിതിയാക്കി. ആത്മഹത്യചെയ്ത സാജന്റെ ഭാര്യാപിതാവ് പുരുഷോത്തമനാണ് 2013-ൽ പാർഥ കൺവെൻഷൻ സെന്ററുണ്ടാക്കാൻ അപേക്ഷ നൽകിയത്. 2014-ലും '15-ലുമായി നിർദേശിച്ച ചില കാര്യങ്ങൾ പാലിച്ചില്ലെന്നായിരുന്നു 2015 ജൂൺ അഞ്ചിന് ചീഫ് ടൗൺപ്ലാനറുടെ റിപ്പോർട്ട്. 2015 ജൂലായ് അഞ്ചിന് നൽകിയ പുതിയ പ്ലാൻ 299 ചതുരശ്രമീറ്റർ അധികവിസ്തീർണമുള്ളതായിരുന്നു. പരിശോധനയ്ക്കുശേഷം 2015 ഒക്ടോബർ 29-നു പ്ലാനിന് അംഗീകാരം നൽകി. 2017 നവംബർ എട്ടിന് നഗരസഭയിൽ ലഭിച്ച ഫോൺസന്ദേശത്തെത്തുടർന്ന് സെക്രട്ടറി സ്ഥലം സന്ദർശിച്ച് കാരണംകാണിക്കൽ നോട്ടീസ് നൽകി. പിന്നീട് അപേക്ഷകൻ ആവശ്യപ്പെട്ടപ്രകാരം നഗരസഭയും ജില്ല ടൗൺ പ്ലാനറും സംയുക്തപരിശോധന നടത്തി ജൂൺ 14-ന് ചില അപാകങ്ങൾ ചൂണ്ടിക്കാട്ടി. ജൂൺ 18-നാണ് സാജൻ ആത്മഹത്യചെയ്തത്. ഉപാധികളോടെ സർട്ടിഫിക്കറ്റ് നൽകാൻ ജൂലായ് അഞ്ചിന് സർക്കാർ നിർദേശിച്ചു. അതനുസരിച്ച് വെള്ളടാങ്ക്, ഇൻസിനറേറ്റർ, ജനറേറ്റർ, എയർകണ്ടീഷണർ കംപ്രസർ എന്നിവയുടെ സ്ഥാനം ആറുമാസത്തിനകം മാറ്റാനാവശ്യപ്പെട്ട് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് വിശദീകരണം. Content Highlights:clean chit to anthoor municipality

from mathrubhumi.latestnews.rssfeed https://ift.tt/2XYk08b
via IFTTT

No comments:

Post a Comment

Post Bottom Ad

Pages