ചന്ദ്രയാന്‍ 2 വിക്ഷേപണം: ആദ്യം ആവേശക്കാഴ്ച, ഒടുവില്‍ നിരാശ - News4Max

Breaking

Post Top Ad

Tuesday, 16 July 2019

ചന്ദ്രയാന്‍ 2 വിക്ഷേപണം: ആദ്യം ആവേശക്കാഴ്ച, ഒടുവില്‍ നിരാശ

ചെന്നൈ: ഞായറാഴ്ച രാത്രിമുതൽ ശ്രീഹരിക്കോട്ട അലങ്കാര വിളക്കിന്റെ വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയായിരുന്നു.ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2ന്റെ വിക്ഷേപണം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോൾ അതിന്റെ നാഡിമിടിപ്പു തൊട്ടറിയാൻ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഉണ്ടായിരുന്നു. സന്ദർശക ഗാലറി ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ചെന്നൈ നുങ്കമ്പാക്കത്തെ ശാസ്ത്രിഭവനിൽനിന്നാണ് മാധ്യമ സംഘത്തിന്റെ ശ്രീഹരിക്കോട്ടയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം മാധ്യമപ്രവർത്തകരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ടരമണിക്കൂർ ദൂരമുള്ള ശ്രീഹരിക്കോട്ടയിലേക്ക് അഞ്ച് ബസുകളിലാണ് മാധ്യമ പ്രവർത്തകരെ കൊണ്ടുപോയത്. ബസ് തമിഴ്നാട് വിട്ട് ആന്ധ്രയിലെ നെല്ലൂരിലേക്ക്. നെൽപ്പാടങ്ങൾ നിറഞ്ഞ വഴികളേറെത്താണ്ടി യാത്ര. അതും കഴിഞ്ഞ് മുന്നോട്ട്. ഇരുവശത്തും വെള്ളക്കെട്ടാണ്. അതിന് നടുവിലൂടെ ചെറുപാത. കുറച്ചധികം ദൂരം സഞ്ചരിച്ച് സതീഷ്ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ കവാടത്തിലെത്തി. ഇസ്രോ എന്ന് വലുതായി എഴുതിവെച്ച് ചെറു റോക്കറ്റുകൾകൊണ്ടലങ്കരിച്ച കവാടം വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്നു. പരിശോധനയ്ക്കായി ബസ് നിർത്തി. ദൃശ്യമാധ്യമങ്ങൾക്കാണ് പരിശോധന. ക്യാമറയും തത്സമയ വിവരണത്തിനായുള്ള സംവിധാനങ്ങളുമെല്ലാം പരിശോധിച്ചു. ഇത് പൂർത്തിയാക്കി തിരികെ ബസിൽ കയറി. കുറച്ചുദൂരം താണ്ടിയപ്പോൾ മറ്റൊരു പരിശോധന. ബാഗും കൈയിലുള്ള മറ്റ് സാധനങ്ങളും സ്കാനറിലൂടെ കടത്തിവിട്ട് പരിശോധിക്കും. ദേഹപരിശോധനയുമുണ്ട്. അതും പൂർത്തിയാക്കി എത്തിയത് മീഡിയാ സെന്ററിലേക്കാണ്. ഇതിനുമുന്നിൽ കുറേയേറെപ്പേർ തത്സമയ റിപ്പോർട്ടിങ് നടത്തുന്നു. ഒന്നാം നിലയും രണ്ടാം നിലയും ചേർന്നാണ് മീഡിയാ ഗാലറി. നേരത്തേ എത്തിയവർ മുൻനിരയിൽത്തന്നെ സ്ഥാനം ഉറപ്പിച്ചു. ഗാലറിക്ക് നടുവിലെ വലിയ സ്ക്രീനിൽ ചന്ദ്രയാനെയും വഹിച്ചുള്ള ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റിന്റെ തത്സമയ ദൃശ്യങ്ങളാണ്. സമീപത്ത് കൗണ്ട്ഡൗൺ സ്ക്രീൻ. നെഞ്ചിടിപ്പുപോലെ ഇതിൽ സെക്കൻഡുകൾ നീങ്ങുന്നു. ചരിത്ര വിക്ഷേപണത്തിന് ബാക്കിയുള്ളത് ഒന്നരമണിക്കൂർ മാത്രം. മീഡിയ സെന്ററിന് ഒരു കിലോമീറ്റർ അപ്പുറത്താണ് രണ്ടാം വിക്ഷേപണത്തറ. അവിടെനിന്നാണ് ചന്ദ്രയാൻ രണ്ടുമായി ജി.എസ്.എൽ.വി. മാർക്ക് മൂന്ന് കുതിച്ചുയരുന്നത്. ദൃശ്യം ഒപ്പിയെടുക്കാൻ ക്യാമറകൾ മീഡിയാ ടെറസിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ചുറ്റും കാടാണ്. അങ്ങനൊരു കാടിനുള്ളിൽനിന്ന് വാലിൽ തീയുമായി റോക്കറ്റ് ഉയർന്നുപൊങ്ങുന്ന ദൃശ്യം പകർത്താനാവും. പക്ഷേ, വിക്ഷേപണവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ കൃത്യമായി ലഭിക്കാൻ മീഡിയാ ഗാലറിയാണ് നല്ലത്. ഇവിടെയും ക്യാമറകൾ തയ്യാറാണ്. കുറേപ്പേർ തത്സമയം വിവരങ്ങൾ കൈമാറുന്നു. പെട്ടെന്ന് ഹാൾ നിശ്ശബ്ദമായി. വിക്ഷേപണ വാഹനത്തിന്റെ ദൃശ്യം കാണിക്കുന്ന വലിയ വീഡിയോ വാളിന് സമീപത്തെ കൗൺഡൗൺ ക്ലോക്ക് നിശ്ചലമായിരിക്കുന്നു. സ്ക്രീനിൽ അവശേഷിക്കുന്നത് സമയം സൂചിപ്പിക്കുന്ന 00.56.24 എന്ന അക്കങ്ങൾ മാത്രം. കൗണ്ട്ഡൗൺ നിലച്ചു. വിക്ഷേപണത്തിൽ അനിശ്ചിതത്വമുണ്ടെന്ന് മനസ്സിലായി. നിമിഷനേരംകൊണ്ട് മീഡിയ ഹാൾ അഭ്യൂഹങ്ങളുടെ നിഴലിലായി. മാധ്യമപ്രവർത്തകരുടെ കാരണം അന്വേഷിച്ചുള്ള പരക്കം പാച്ചിൽ. സാങ്കേതികത്തകരാറാണെന്നും വിക്ഷേപണം മാറ്റി എന്നുമുള്ള അനൗദ്യോഗിക വിവരമാണ് ആദ്യം ലഭിച്ചത്. ഇസ്രോ ചെയർമാൻ ഡോ. കെ. ശിവനോ പ്രോജക്ട് ഡയറക്ടറോ ഹാളിലേക്ക് വന്നില്ല. പകരം ഇസ്രോയുടെ പി.ആർ.ഒ. ഗുരുപ്രസാദ് ഔദ്യോഗിക വിവരം വായിച്ചുകേൾപ്പിച്ചു. 'വിക്ഷേപണ വാഹനത്തിൽ സാങ്കേതികത്തകരാർ കണ്ടെത്തി. ചന്ദ്രയാൻ-2ന്റെ വിക്ഷേപണം മാറ്റിവെച്ചിരിക്കുന്നു. തീയതി പിന്നീട് അറിയിക്കും.' ആളുകൾ പതുക്കെ പുറത്തിറങ്ങുന്നു. പുലർവെട്ടത്തിലേക്ക് സമയം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. Content highlights:Chandrayan 2, space mission

from mathrubhumi.latestnews.rssfeed https://ift.tt/2JK0OG7
via IFTTT

No comments:

Post a Comment

Post Bottom Ad

Pages