ന്യൂനപക്ഷങ്ങളുടെ വിശ്വാസം നമ്മൾ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ശനിയാഴ്ച എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ നരേന്ദ്ര മോദിയുടെ വാക്കുകൾ ശ്രദ്ധേയമായിരുന്നു. വികസനത്തിനൊപ്പം വിശ്വാസത്തിനും ബിജെപിയും മോദിയും പ്രാധാന്യം നൽകുമ്പോൾ രാഷ്ട്രം തീർച്ചയായും കാതോർക്കേണ്ടതുണ്ട്. വോട്ട്ബാങ്കിൽ ലക്ഷ്യമിട്ടവരാണ് ന്യൂനപക്ഷങ്ങളെ തങ്ങളിൽ നിന്നകറ്റിയതെന്നാണ് മോദി പറഞ്ഞത്. ന്യൂനപക്ഷങ്ങൾ തങ്ങളുടെ കൂടെയല്ലെന്ന തിരിച്ചറിവ് മോദിക്കും ബിജെപിക്കുമുണ്ടാവുന്നത് ശുഭ സൂചനയാണ്. വെറുപ്പും വിവേചനവും വർഗ്ഗീയതയും കലുഷിതമാക്കിയ ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിനു ശേഷം വിജയ രഥത്തിൽ നിൽക്കുമ്പോൾ സമസ്ത ജനതയേയും ഓർക്കാൻ കഴിയുന്നുവെന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ മുന്നോട്ടുള്ള സഞ്ചാരത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ, വാക്കുകൾ മാംസമാവുന്നത് പ്രവൃത്തിയിലൂടെയാണ്. ചെയ്തിയില്ലെങ്കിൽ ചൊല്ല് അർത്ഥശൂന്യമാണ്. 303 എം പിമാരാണ് ബിജെപിക്ക് ഇപ്പോൾ ലോക്സഭയിലുള്ളത്. അതിൽ ഒരാൾ പോലും മുസ്ലിം സമുദായത്തിൽ നിന്നില്ല. ആറു പേരെയാണ് മുസ്ലിം സമുദായത്തിൽ നിന്നും ബി ജെപി ഇക്കുറി ലോക്സഭയിലേക്കുള്ള പോരാട്ടത്തിൽ സ്ഥാനാർത്ഥികളാക്കിയത്. മൂന്നു പേർ ജമ്മു കാശ്മീരിലും രണ്ടു പേർ ബംഗാളിലും ഒരാൾ ലക്ഷദ്വീപിലും. ഇവരിലാർക്കും തന്നെ ജയിക്കാനായില്ല. ഇതിന് ബിജെപിയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥവുമില്ല. ഇവരെ ജനം തിരഞ്ഞെടുക്കാത്തത് തങ്ങളുടെ കുറ്റമാണോ എന്ന് ബിജെപി നേതാക്കൾ ചോദിച്ചാൽ തിരിച്ചൊന്നും പറയാനുണ്ടായെന്നു വരില്ല. പക്ഷേ, ഈ കുറവ് ഇനിയും ബിജെപിക്ക് പരിഹരിക്കാവുന്നതേയുള്ളു. രാജ്യസഭയിൽ മുസ്ലിങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം കൊടുക്കാൻ ബിജെപിക്കാവണം. ഇനി നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ വെല്ലൂർ ഉപതിരഞ്ഞെടുപ്പിലും ഒരു മുസ്ലിമിനെ കളത്തിലിറക്കാൻ ബിജെപി തയ്യാറാവണം. ന്യൂനപക്ഷങ്ങൾ പേടിച്ചിട്ടുണ്ടെന്ന് മോദി പറയുന്നത് അക്ഷരം പ്രതി ശരിയാണ്. ന്യൂനപക്ഷങ്ങൾക്ക് നിർണ്ണായക ശക്തിയുള്ള കേരളത്തിലും തമിഴ്നാട്ടിലും ബിജെപി നിലം തൊടാതെ പോയതിനു പിന്നിൽ ഈ പേടി നിർണ്ണായക ഘടകമായിരുന്നു. കോൺഗ്രസ്സും മറ്റ് പ്രതിപക്ഷ കക്ഷികളും കളിച്ച വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങളെ തങ്ങളിൽ നിന്നകറ്റിയതെന്ന വിശകലനം ബിജെപിയെ ആത്യന്തികമായി യാഥാർത്ഥ്യത്തിലേക്കെത്തിക്കില്ല. 1947 ആഗസ്തിൽ കോൺഗ്രസ് നേതാക്കൾ ഡെൽഹിയിൽ സ്വാതന്ത്ര്യമാഘോഷിക്കുമ്പോൾ ബംഗാളിലെ നവഖലിയിൽ വർഗ്ഗീയ സംഘർഷ മേഖലയിലായിരുന്നു ഗാന്ധിജി. ദൈവത്തെ നമുക്ക് ഈശ്വരനെന്നും അള്ളായെന്നും വിളിക്കാം എന്ന് ഗാന്ധിജി പറഞ്ഞത് ഉള്ളിന്റെയുള്ളിൽ നിന്നായിരുന്നു. ഇന്ത്യയെ അറിഞ്ഞ യുഗപുരുഷന്റെ വാക്കുകളായിരുന്നു അത്. ഈ ഗാന്ധിജിയെ വധിച്ച ഗോഡ്സെയെയാണ് ബിജെപിയുടെ പുതിയ എം പി പ്രജ്ഞ ഠാക്കൂർ ദേശസ്നേഹിയെന്ന് വിളിച്ചത്. പ്രജ്ഞയോട് തനിക്ക് പൊറുക്കാനാവില്ലെന്ന് മോദി പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം തേടി ബിജെപി പുതിയ യാത്ര തുടങ്ങുമ്പോൾ പ്രജ്ഞയെപ്പോലുള്ളവരുടെ സ്ഥാനം അതിൽ എവിടെയായിരിക്കുമെന്നത് സുപ്രധാനമാണ്. വോട്ട് ചെയ്തില്ലെങ്കിൽ ജോലി ചോദിച്ച് വരരുതെന്ന് മുസ്ലങ്ങളോട് പറഞ്ഞ മനേക ഗാന്ധി വീണ്ടും മന്ത്രിസഭയിലുണ്ടാകുമോ എന്നും നമുക്ക് നോക്കേണ്ടതുണ്ട്. ജീവിതം പോലെ തന്നെ രാഷ്ട്രീയവും കരുണാർദ്രവും സ്നേഹാർദ്രവുമായിരിക്കണം. 1992 ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഗാന്ധിജി മുന്നോട്ടുവെച്ച ജീവിത വീക്ഷണം കൂടിയാണ് തകർക്കപ്പെട്ടത്. ഇന്ത്യയിലെ മുസ്ലീങ്ങൾ കോൺഗ്രസ്സിൽ നിന്നകന്നത് അന്ന് നരസിംഹറാവു സർക്കാർ പുലർത്തിയ കുറ്റകരമായ നിശ്ശബ്ദതയും നിസ്സംഗതയും കാരണമാണ്. എസ്പിയേയും ആർജെഡിയേയുമൊക്കെ മുസ്ലീങ്ങൾ കൂടുതൽ വിശ്വസിച്ചു തുടങ്ങിയതും കോൺഗ്രസ്സിനോടുള്ള പ്രതിഷേധ സൂചകമായാണ്. 2002 ലെ ഗുജറാത്ത് കലാപം ഇന്ത്യയിലെ മുസ്ലീങ്ങളുടെ അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ചു. ഇക്കഴിഞ്ഞ അഞ്ചു കൊല്ലങ്ങളിൽ ഈ മുറിവ് ഉണക്കാൻ കാര്യമായൊരു ശ്രമവും ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പശു സംരക്ഷണത്തിന്റെ പേരിൽ നടന്ന അതിക്രമങ്ങൾ ന്യൂനപക്ഷങ്ങളെ ശരിക്കും പേടിപ്പിച്ചു. ഈ പേടി ഇല്ലാതാക്കണമെങ്കിൽ ബിജെപി ഏറെ ദൂരം നടക്കേണ്ടതുണ്ട്. അതിനുള്ള ആത്മാർത്ഥമായ തുടക്കമാണ് ഞായറാഴ്ച മോദിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെങ്കിൽ രാഷ്ട്രത്തിന് തീർച്ചയായും ആശ്വസിക്കാം. പക്ഷേ, ഹിന്ദുത്വയുടെ വലിയൊരു നിഴൽ ബിജെപിക്ക് മേലുണ്ട്. ഇക്കഴിഞ്ഞ ഒരു മാസം ഇന്ത്യ കണ്ട പ്രചാരണ പരിപാടികൾ ആ നിഴലിന്റെ വലുപ്പം കൂട്ടിയിട്ടേയുള്ളൂ. സുശക്തവും സുദൃഢവുമായ ജനവിധിയാണ് ഇക്കുറി മോദിക്കും ബിജെപിക്കും കിട്ടിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള സുവർണ്ണാവസരം തന്നെയാണിത്. പക്ഷേ, ആർ എസ് എസ്സ് ഈ നീക്കം എങ്ങിനെയാണ് കാണുന്നതെന്നിടത്തായിരിക്കും മോദിയുടെ അജണ്ടയുടെ വിജയവും പരാജയവും. 2025 ൽ ആർ എസ് എസ്സിന് 100 വയസ്സ് തികയും. ആ സുവർണ്ണ മൂഹൂർത്തത്തിലേക്കുള്ള ആറു വർഷക്കാലം ഹിന്ദുരാഷ്ട്ര സാക്ഷാത്കാരത്തിനും ന്യൂനപക്ഷ വിശ്വാസ വീണ്ടെടുപ്പിനുമിടയിൽ നിർണ്ണായകമാവും. 1920ൽ മോസ്കോയിൽ രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനൽ നടക്കുമ്പോൾ ഇന്ത്യാക്കാരനായ എം എൻ റോയിയുടേത് സുപ്രധാനമായ ശബ്ദമായിരുന്നു. ഇന്ത്യയെയല്ല മെക്സിക്കോയെ പ്രതിനിധീകരിച്ചാണ് അന്ന് റോയ് മോസ്കോയിലെത്തിയത്. ഇന്ത്യയുൾപ്പെടെയുള്ള കോളനി രാഷ്ട്രങ്ങളെക്കുറിച്ച് ലെനിൻ തയ്യാറാക്കിയ റിപ്പോർട്ടിൽ ചില തിരുത്തലുകൾ നിർദ്ദേശിച്ചത് റോയ് ആണ്. 27 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഈ ചെറുപ്പക്കാരന്റെ വാക്കുകൾ അന്ന് ലെനിന് തള്ളിക്കളയാമായിരുന്നു. ബോൾഷെവിക് വിപ്ലവത്തിന്റെ അത്യുന്നത പുരോഹിതന് അത് വളരെ എളുപ്പമായിരുന്നു. പക്ഷേ, റോയിയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ തിരുത്തലുകൾ തന്റെ റിപ്പോർട്ടിനൊപ്പം തന്നെ അവതരിപ്പിക്കുന്നതിന് ലെനിൻ തയ്യാറായി. ഉൾപ്പാർട്ടി ജനാധിപത്യം പോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രകാശഭരിതമാക്കുന്ന മറ്റൊന്നില്ല. സ്റ്റാലിനും മാവേയ്ക്കും മുന്നിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അപചയത്തിന് വിധേയമായതിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അഭാവത്തിന് സുപ്രധാന പങ്കുണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ ശക്തമായ ജനാധിപത്യം ബിജെപി അനുഭവിക്കേണ്ട കാലമാണിത്. തന്റെ സർക്കാരിന്റെ കർമ്മ പരിപാടികൾ നിഷ്കരുണം വിചാരണ ചെയ്യപ്പെടുന്നതിനുള്ള വേദിയായി ബിജെപിയെ മാറ്റിയെടുക്കാൻ മോദിക്കും ഷായ്ക്കും കഴിയണം. ഇന്ദ്രപ്രസ്ഥത്തിൽ മോദി രണ്ടാം വട്ടത്തിന് തുടക്കമിടുമ്പോൾ പുതിയൊരു ഭാവവും പുതിയൊരു ശബ്ദവുമുണ്ടാവുന്നുവെന്നത് സ്വാഗതാർഹമാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. ഗാന്ധിജിയും നെഹ്രുവും ജയപ്രകാശ്നാരായണുമൊക്കെ നിലകൊണ്ടത് ഈ ആത്മാവിന്റെ സംരക്ഷണത്തിനായാണ്. 1971 ൽ ഇന്ദിരാഗാന്ധി അധികാരം നിലനിർത്തിയത് ഇത്തവണ മോദിക്കും ബിജെപിക്കും കിട്ടിയ സീറ്റുകളേക്കാൾ കൂടുതൽ നേടിക്കൊണ്ടാണ്. പക്ഷേ, 77 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരയെയും കോൺഗ്രസ്സിനെയും ഇന്ത്യൻ ജനത കൈയ്യാഴിഞ്ഞു. വലിയ ഭൂരിപക്ഷങ്ങൾ താത്ക്കാലികമാണ്. ജനതയുടെ വിശ്വാസമാണ് പ്രധാനം. ആ വഴിയിലൂടെയുള്ള യാത്രയിൽ മോദിക്ക് കാലിടറാതിരിക്കട്ടെ. കാരണം ഇന്ത്യയുടെ ആത്മാവിന് ഇനിയും അധികം പരീക്ഷണങ്ങൾ താങ്ങാനായെന്നു വരില്ല. Content Highlights: Narendra Modi, BJP, Election Result2019
from mathrubhumi.latestnews.rssfeed http://bit.ly/2EBntCW
via IFTTT
Post Top Ad
Sunday, 26 May 2019
വികസനത്തിനൊപ്പം ന്യൂനപക്ഷ വിശ്വാസവും തേടി മോദി രണ്ടാം യാത്ര തുടങ്ങുമ്പോള്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment