പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ വീട്ടിലെത്തി? കീഴടങ്ങാന്‍ വഴിയൊരുക്കിയ പോലീസ് ആത്മഹത്യയില്‍ പകച്ചു - News4Max

Breaking

Post Top Ad

Tuesday, 13 November 2018

പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ വീട്ടിലെത്തി? കീഴടങ്ങാന്‍ വഴിയൊരുക്കിയ പോലീസ് ആത്മഹത്യയില്‍ പകച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡി.വൈ.എസ്.പി ബി. ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ പോലീസിന്റെ വീഴ്ചയോ? സനൽ മരണപ്പെട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ഡി.വൈ.എസ്.പിയെ പിടികൂടാൻ കഴിയാതിരുന്നതാണ് പോലീസിനെതിരായ ആരോപണങ്ങൾക്ക് കാരണമായിരിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കേരളം വിട്ട ഹരികുമാറിനെ കണ്ടെത്താൻ പോലീസ് കാര്യക്ഷമമായി ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. എന്നാൽ സേനയിലെ ഉന്നതരുമായി ബന്ധം പുലർത്തിയിരുന്ന ഹരികുമാറിന് കീഴടങ്ങാൻ അവസരമൊരുക്കുന്നതിനാണ് പോലീസ് ശ്രമിച്ചതെന്നാണ് പ്രധാന വിമർശനം. അന്വേഷണത്തിലെ ഈ ലാഘവം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ചതും. നവംബർ അഞ്ചാം തീയതി രാത്രി പത്തുമണിയോടെയാണ് സനലും ഹരികുമാറും തമ്മിൽ തർക്കമുണ്ടായത്. വഴക്കിനിടെ ഹരികുമാർ സനലിനെ പിടിച്ചുതള്ളുകയും അതുവഴി വന്ന കാറിടിച്ച് സനൽ മരണപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം ഹരികുമാറും സുഹൃത്ത് ബിനുവും നെയ്യാറ്റിൻകരയിൽനിന്ന് കടന്നുകളഞ്ഞു. ഇതിനിടെ ഔദ്യോഗിക ഫോണിൽനിന്ന് റൂറൽ എസ്.പിയെ ബന്ധപ്പെട്ട് നാട്ടിൽനിന്ന് മാറിനിൽക്കുന്നതായി അറിയിച്ചു. എന്നാൽ ഈ സമയത്തൊന്നും സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ വലിയ വാർത്തയായിരുന്നില്ല. എന്നാൽ സനലിനെ ഡി.വൈ.എസ്.പി തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും പോലീസ് സംഭവം ഒതുക്കാൻ ശ്രമിച്ചതായും ആരോപണമുയർന്നതോടെ മാധ്യമങ്ങളിൽ വാർത്തയായി. ഇതോടെ നെയ്യാറ്റിൻകര പോലീസിനെതിരെയും ഹരികുമാറിനെതിരെയും രൂക്ഷവിമർശനമുയർന്നു. സനലുമായി പോയ ആംബുലൻസ് വൈകിപ്പിച്ചതും സംഭവം അപകടമരണമാക്കാൻ ശ്രമിച്ചതും വലിയ പ്രതിഷേധത്തിനിടയായി. സനലിന്റെ മരണവും ഡി.വൈ.എസ്.പിയുടെ രക്ഷപ്പെടലും പ്രതിപക്ഷപാർട്ടികൾ ഏറ്റെടുത്തതോടെ സർക്കാരും പ്രതിരോധത്തിലായി. സനലിനെ ഇല്ലാതാക്കിയ ഡി.വൈ.എസ്.പിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സനലിന്റെ ഭാര്യയും ബന്ധുക്കളും രംഗത്തെത്തി. ഇതോടെ ഡി.വൈ.എസ്.പിക്കായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് എസ്.പി ഏറ്റെടുത്തു. ഹരികുമാർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ആദ്യംലഭിച്ച സൂചനകൾ. പിന്നീട് പലയിടത്തും പോലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഹരികുമാറിനെ മാത്രം കണ്ടെത്താനായില്ല. ഇതിനിടെ ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനും ശ്രമംതുടങ്ങിയിരുന്നു. കേസിൽനിന്ന് രക്ഷയില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങാനുള്ള വഴികളും ആലോചിച്ചു. താൻ പിടിയിലായാൽ ഒരിക്കലും നെയ്യാറ്റിൻകര സബ് ജയിലിലേക്ക് അയക്കരുതെന്നും ചില പോലീസ് ഉദ്യോഗസ്ഥർ മുഖേന ഹരികുമാർ ആവശ്യപ്പെട്ടിരുന്നു. താൻ പിടികൂടിയ പ്രതികൾക്കൊപ്പം ജയിലിൽ കിടക്കേണ്ടിവരുമോ എന്ന മാനസികപ്രയാസമായിരുന്നു ഈ ആവശ്യത്തിനുപിന്നിൽ. എന്നാൽ ഉന്നതബന്ധങ്ങളും രാഷ്ട്രീയസ്വാധീനങ്ങളും ഹരികുമാറിനെ തുണച്ചില്ല. എല്ലാവരും കൈയൊഴിഞ്ഞതോടെ ദിവസങ്ങൾക്കുള്ളിൽ ഹരികുമാർ പിടിക്കപ്പെടുമെന്നും അഭ്യൂഹമുയർന്നു. എന്നാൽ ഇതിനിടെയാണ് ഏവരെയും ഞെട്ടിച്ച് ഡി.വൈ.എസ്.പി ഹരികുമാർ ആറ്റിങ്ങൽ കല്ലമ്പലത്തെ വീട്ടിൽ ജീവനൊടുക്കിയെന്ന വാർത്ത പുറത്തുവന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഹരികുമാറിനെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഹരികുമാറിന്റെ വീടിനോട് ചേർന്ന് താമസിക്കുന്ന ഇയാളുടെ ഭാര്യയുടെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. ഇത്രയുംദിവസം തമിഴ്നാട്ടിലായിരുന്ന ഹരികുമാർ കഴിഞ്ഞദിവസം രാത്രി കല്ലമ്പലത്ത് എത്തുകയും ഇതിനുപിന്നാലെ ജീവനൊടുക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, നവംബർ അഞ്ചിന് രാത്രി മുതൽ ഒളിവിൽപോയിട്ടും ഹരികുമാറിനെ പിടികൂടാൻ കഴിയാതിരുന്നതും, അന്വേഷണസംഘത്തിന്റെ കണ്ണുവെട്ടിച്ച് ഹരികുമാർ വീട്ടിലെത്തിയതുമാണ് പോലീസിനെ വെട്ടിലാക്കുന്നത്. പോലീസ് തിരയുന്ന ഡി.വൈ.എസ്.പിയും കൊലക്കേസ് പ്രതിയുമായ ഒരാൾ എങ്ങനെ രഹസ്യമായി പോലീസിന്റെ കണ്ണുവെട്ടിച്ച് സ്വന്തം വീട്ടിലെത്തിയതെന്നതും സംശയമുണർത്തുന്നു. ഒളിവിൽ കഴിയുന്ന പ്രതിയുടെ വീടിന് പോലീസ് നിരീക്ഷണം ഏർപ്പെടുത്താതിരുന്നതും പോലീസിന്റെ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. Content Highlights:neyyatinkara dysp b harikumar suicide and sanal murder case:allegations against police.

from mathrubhumi.latestnews.rssfeed https://ift.tt/2FloTEc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages